നിരോധിത നോട്ടുകള്‍ ഒഴുകുന്നു, എന്തിനെന്ന് പോലും അറിയില്ല, കോടികളുടെ ഇടപാടുകള്‍

ഉപ്പള:നോട്ട് നിരോധനം നിലവില്‍ വന്നതിന് ശേഷവും നിരോധിക്കപ്പെട്ട നോട്ടുകള്‍ പിടികൂടുന്ന പല സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.കാസര്‍കോട് ദേശളീയ പാതയോരത്ത് അര്‍ധരാത്രി നിര്‍ത്തിയിട്ട കാറുകളില്‍ നിന്നും പിടികൂടിയത് 18 ലക്ഷത്തിന്റെ നിരോധിത കറസികളാണ്.കാറില്‍ ഉണ്ടായിരുന്നവരില്‍ എട്ട് പേര്‍ രക്ഷപ്പെട്ടു,മറ്റൊരു സംഘം പോലീസിനെ വെട്ടിച്ച് കാറില്‍ കടന്നു കളയുകയായിരുന്നു.ബുധനാഴ്ച രാത്രി ഒരുമണിയോടെ ആണ് സംഭവം.കാസര്‍കോട്-മംഗളൂരു ദേശീയ പാതയില്‍ ഉപ്പളയില്‍ നിന്നുമാണ് കാറുകളും 17.89 ലക്ഷം രൂപയുടെ നിരോധിച്ച ആയിരത്തിന്റെ നോട്ടുകളും പിടികൂടിയത്.

കാസര്‍കോടും മംഗലാപുരവും കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ കോടിക്കണക്കിന് നിരോധിത നോട്ടുകള്‍ പിടികൂടുന്നത്.ഏകദേശം ആറ് മാസങ്ങള്‍ക്ക് മുമ്പ് മൂന്ന് കോടി രൂപയുടെ ഇത്തരം നോട്ടുകള്‍ അതിര്‍ത്തിയില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു.ഗോവയില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയിരുന്നു.ഇതിന് പിന്നില്‍ കാസര്‍കോട് സ്വദേശികളായ രണ്ട് പേര്‍ ആയിരുന്നു.നോട്ട് നിരോധനത്തിന് ശേഷം മലബാറില്‍ ഏകദേശം 50,000 കോടിയുടെ പഴയ നോട്ടുകള്‍ ഉണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.ഇതില്‍ ഭൂരിഭാഗവും മലപ്പുറം കേന്ദ്രീകരിച്ചാണ് നടക്കുന്നത്.ഇപ്പോഴും പഴയ നോട്ടുകള്‍ വാങ്ങുവാന്‍ ആള്‍ക്കാരുണ്ട്.ഇതിന് പിന്നില്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.എന്നാല്‍ എന്തിനാണ് ഇത്തരം പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നത് എന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല.പഴയ നോട്ടുകള്‍ മൂന്നില്‍ ഒന്ന് വിലയ്ക്ക് എടുക്കുന്ന റാക്കറ്റുകള്‍ സജീവമാണ്.വന്‍ ദുരൂഹതയാണ് ഇത് സംബന്ധിച്ച് നിലനില്‍ക്കുന്നത്.അന്വേഷണ ഏജന്‍സികളെ പോലും അമ്പരിപ്പിക്കുകയാണ് ഇത്തരം സംഘങ്ങള്‍.ഈ അവസരത്തിലാണ് കാസര്‍കോട് വീണ്ടും നിരോധിച്ച നോട്ട് പിടികൂടിയിരിക്കുന്നത്.

ഉപ്പളയില്‍ ഹൈവെ പോലീസ് എസ് ഐ കെപിവി രാജീവന്റെ നേതൃത്വത്തിലുള്ള സംഘം പെട്രോളിങ് നടത്തുന്നതിന് ഇടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്ന് വാഹനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്.പോലീസ് വാഹനം നിര്‍ത്തുമ്പാഴേക്കും നോട്ടുമായി എത്തിയ സംഘവും ഇത് വാങ്ങാന്‍ എത്തിയ സംഘവും രക്ഷപ്പെട്ടു.ഒരു സംഘം മംഗളൂരു ഭാഗത്തേക്കും മറ്റ് സംഘാംഗങ്ങള്‍ നാല് ഭാഗത്തേക്കും ചിതറി ഓടുകയും ചെയ്തു.ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ വാഹനം തുറന്ന് പരിശോധിച്ചപ്പോഴാണ് നിരോധിത നോട്ടുകള്‍ കണ്ടെത്തിയത്.ഒരു കാറില്‍ 12.89 ലക്ഷത്തിന്റെയും അടുത്ത കാറില്‍ 5 ലക്ഷത്തിന്റെയും 1000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് ഉണ്ടായിരുന്നത്.ഒരു ലക്ഷത്തിന്റെ 17 കെട്ടുകളും 89000ത്തിന്റെ മറ്റൊരു കെട്ടും പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു.ഇതിനിടെ ഓടി രക്ഷപ്പെട്ടവരെ പിടികൂടാന്‍ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ കുറ്റിക്കാട്ടില്‍ നിന്നും പിടികൂടി മഞ്ചേശ്വരം പോലീസിന് കൈമാറി.പിടികൂടിയ നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും പിടികൂടിയവരോട് കോടതിയില്‍ ഹാജരാകുന്നതിന് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.എന്നാല്‍ നോട്ടുകള്‍ എന്തിന് ഉപയോഗിക്കുന്നു എന്ന് പിടിയിലായവര്‍ക്കും വ്യക്തമല്ല.ഈ നോട്ടുകള്‍ കൈമാറുമ്പോള്‍ കമ്മീഷനായി നല്‍കുന്ന തുകയുടെ പകുതി ലഭിക്കുമെന്ന് ഇവര്‍ പറയുന്നു.നോട്ടുകള്‍ എവിടെ നിന്ന് കിട്ടിയെന്നോ എങ്ങോട്ട് കൊണ്ടുപോകുന്നു എന്നോ ഇവര്‍ക്ക് അറിയില്ലെന്നാണ് പറയുന്നു.ജില്ലയില്‍ പലയാളുകളുടെ കൈവശം നിരോധിക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഉണ്ടെന്ന് പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കി.ഇവരോട് 30 ശതമാനം തുക നല്‍കിയ ശേഷം ഹവാല സംഘം പണം കൈക്കലാക്കുകയാണ്.

പഴയ നോട്ടുകള്‍ കയ്യിലുണ്ടെന്നറിഞ്ഞാല്‍ 30 ശതമാനം കമ്മിഷന്‍ ഇനത്തില്‍ നോട്ടുകള്‍ മാറ്റി നല്‍കാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പു സംഘം സമീപിക്കുകയാണ് പതിവ്.കമ്മിഷന്‍ മുന്‍കൂറായി നല്‍കണമെന്നും ആവശ്യപ്പെടും.കമ്മിഷന്‍ തുക വാങ്ങിയ ശേഷം,പഴയ നോട്ടുകളുമായി നേരത്തേ പറഞ്ഞുറപ്പിച്ച സ്ഥലത്ത് എത്താന്‍ നിര്‍ദേശിക്കും.പഴയ നോട്ടുകളുമായി വാഹനത്തില്‍ ആളുകള്‍ വരുന്നുണ്ടെന്ന വിവരം തട്ടിപ്പുകാര്‍ തന്നെ പൊലീസിനെ അറിയിക്കും.പഴയ നോട്ടുകള്‍ പൊലീസ് പിടിച്ചതിനാല്‍ നേരത്തേ നല്‍കിയ കമ്മിഷന്‍ തുക തിരികെ നല്‍കാനാവില്ലെന്നു പറഞ്ഞ് ആ പണം തട്ടിപ്പുകാര്‍ സ്വന്തമാക്കുകയും ചെയ്യും.ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന സംഘവും സംസ്ഥാനത്തുണ്ട്.ഇത്തരത്തിലുള്ള തട്ടിപ്പ് സംഘത്തിലെ കണ്ണികളാണോ കഴിഞ്ഞ ദിവസം പിടിയിലായവരെന്നും പൊലീസിനു സംശയമുണ്ട്.