വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്‌ പോലിസുകാരന്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: പോലിസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് ജീവനൊടുക്കിയ നിലയില്‍ വിനീഷിനെ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് വിനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്‌മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് വിനീഷ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. വിവാഹം നടക്കേണ്ട ദിവസം തന്നെ ജീവനൊടുക്കാന്‍ മാത്രമുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കളോ സുഹൃത്തുക്കളോ വ്യക്തമാക്കിയിട്ടില്ല. മരണത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല.