ഫിഷ് കറി മസാലയിൽ കീടനാശിനിയുടെ സാന്നിധ്യം, അമിത അളവിൽ എഥിലീൻ ഓക്സൈഡ്

സിംഗപ്പൂ​ർ : സിംഗപ്പൂരിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത എവറസ്റ്റ് ഫിഷ്‍കറി മസാല തിരിച്ചുവിളിച്ചു. മനുഷ്യ ശരീരത്തിന് ഹാനികരമായ കീടനാശിനിയായ എഥിലീൻ ഓക്സൈഡിന്റെ അമിത സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സിംഗപ്പൂർ ഫുഡ് ഏജൻസിയാണ്(എസ്.എഫ്.എ) എവറസ്റ്റ് ഫുഡ് മസാല തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്.

സാധാരണയായി കാർഷിക വിളകളിൽ സൂക്ഷ്മജീവികളെ ഇല്ലാതാക്കാനായി ഉപയോ​ഗിക്കുന്ന കീടനാശിനിയാണ് എഥിലീൻ ഓക്സൈഡ്. ആരോ​ഗ്യത്തിന് ഹാനികരമായതിനാൽ ഭക്ഷ്യ ഉൽപന്നങ്ങളിൽ ഇതിന് വിലക്കുണ്ട്. എവറസ്റ്റ് ഫിഷ് കറി മസാലയിലെ കീനാശിനി സാന്നിദ്ധ്യം ഉപഭോക്താക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് സിം​ഗപ്പൂർ ഫുഡ് ഏജൻസി പറയുന്നു.

ദിവസങ്ങൾക്ക് മുൻപ് കാഡ്‌ബറിസ് ബോൺവിറ്റ ഹെല്‍ത്ത് ഡ്രിങ്ക് വിഭാ​ഗത്തിൽ ഉൾപ്പെടുത്തി വിൽക്കരുതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് നിര്‍ദേശം നൽകിയിരുന്നു.