മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗൺ പ്രഖ്യാപിച്ച് ബിജെപി അനുകൂല ഇവിഎം മെഷീനുകൾ തയ്യാറാക്കും, പോസ്റ്റിട്ട ആൾ പിടിയിൽ

മലപ്പുറം : രാജ്യത്ത് മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീൻ തയ്യാറാക്കുമെന്നും സമൂഹമാധ്യമങ്ങൾ വഴി വ്യാജ വാർത്ത പ്രചരിപ്പിച്ച ആർ പിടിയിൽ. ചമ്രവട്ടം മുണ്ടുവളപ്പില്‍ സ്വദേശി ഷറഫുദീനെ (45)യാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീൻ തയ്യാറാക്കുന്നതിനാൽ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫെയ്സ്ബുക്ക് വഴി വ്യാജപ്രചരണം നടത്തുകയായിരുന്നു ഇയാൾ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീൻ തയ്യാറാക്കുമെന്നുമാണ് ഇയാളുടെ പോസ്റ്റിന്റെ ഉള്ളടക്കം.

ഇതിനു ശേഷം അരവിന്ദ് കെജ്‍രിവാളിന് ജാമ്യം ലഭിക്കുമെന്നും ഷറഫുദ്ദീൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിച്ചു വരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷറഫുദ്ദീനെതിരെ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.