സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; കടലാക്രമണത്തിനും സാദ്ധ്യത; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായ സാഹചര്യത്തിൽ സംസ്ഥാനത്ത് പരക്കേ ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ അതിതീവ്ര ന്യൂനമർദ്ദം 20.9° വടക്ക് അക്ഷാംശത്തിലും 86.5° കിഴക്ക് രേഖാംശത്തിലും വടക്കു ഒഡിഷ തീരത്തിനടുത്തായിട്ടായിരുന്നു സ്ഥിതി ചെയ്തിരുന്നത്. ഇത് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കുറഞ്ഞ് തീവ്രന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേരളം ,കർണാടക ,തമിഴ്നാട് ,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസമില്ല. എന്നാൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.