നാല് ജില്ലകളിൽ മഴയെത്തും, കനത്തചൂടിന് ആശ്വാസം

തിരുവനന്തപുരം : കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കൊടും ചൂടിന് തെല്ല് ആശ്വാസമായി മൂന്ന് ജില്ലകളിൽ മഴ പെയ്തു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ പെയ്തത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ശൂർ, പാലക്കാട് ജില്ലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നെങ്കിലും മഴ പെയ്തില്ല. വരും ദിവസങ്ങളില്‍ ഇവിടെയും മഴ പെയ്തേക്കുമെന്ന് കരുതുന്നു.

വിവിധ ജില്ലകളിൽ ഇപ്പോഴും കനത്ത ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഈ വരുന്ന ഞായറാഴ്ച വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന ചൂട് 39° ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37° ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം,കോഴിക്കോട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് അനുഭവപ്പെട്ടേക്കും.