പതിറ്റാണ്ടുകളോളം പ്രണയം കാത്തു സൂക്ഷിച്ച ദമ്പതിമാര്‍, രാജിനി ചാണ്ടിയും ഭര്‍ത്താവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക്

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് രാജിനി ചാണ്ടി. പിന്നീട് സിനിമയില്‍ തിളങ്ങിയില്ലെങ്കിലും ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായി എത്തി പ്രേക്ഷകരുടെ പ്രിയ താരമായി രാജിനി മാറി. എന്നാല്‍ അധിക കാലം ഷോയുടെ ഭാഗമാകാവന്‍ രാജിനിക്ക് സാധിച്ചില്ല.

രാജിനി ചാണ്ടി ബിഗ് ബോസില്‍ എത്തിയതോടെ അവരുടെ ഭര്‍ത്താവും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി. ഇരുവരുടെയും പഴയ റൊമാന്‍സും പ്രണയവും എല്ലാം രാജിനി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രാജിനി ചാണ്ടിയും ഭര്‍ത്താവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുരകയാണ്. വാലന്റൈന്‍സ് ദിനത്തിലാണ് ഇരുവരും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഒരു ചാനല്‍ പരിപാടിയിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രണയകഥകള്‍ തുറന്ന് പറഞ്ഞ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സീ കേരളത്തിലെ മിസ്റ്റര്‍ ആന്റ് മിസ്സിസ് എന്ന പരിപാടിയിലാണ് ഇവര്‍ എത്തുന്നത്.

”പതിറ്റാണ്ടുകളോളം പ്രണയം കാത്തു സൂക്ഷിച്ച ദമ്പതിമാര്‍ മിസ്റ്റര്‍ ആന്‍ഡ് മിസിസിന്റെ വേദിയില്‍ എത്തുന്നു.. ശ്രീമതി രാജിനി ചാണ്ടിയും ഭര്‍ത്താവും..! കാണികളായി നമ്മുടെ ഭാഗ്യദമ്പതികളും..! പ്രണയം നിറക്കുന്ന മറ്റൊരു എപ്പിസോഡ് മറക്കാതെ കാണുക”… എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

നേരത്തെ താരം പങ്കുവെച്ച ബോള്‍ഡ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരുന്നു. നിരവധി പേര്‍ ചിത്രത്തെ പിന്തുണച്ചപ്പോള്‍ മറ്റ് ചിലര്‍ വന്‍ വിമര്‍ശനവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി രാജിനി ചാണ്ടിയും രംഗത്ത് എത്തി. അന്ന് രാജിനി ചാണ്ടി പറഞ്ഞത് ഇങ്ങനെയായിരുന്നു,-‘ഇത് സ്വന്തം സന്തോഷത്തിനായി ഞാന്‍ ചെയ്യുന്നതാണ്. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് എനിക്കും അറിയില്ല ഈ കമന്റ് പറയുന്നവര്‍ക്കും അറിയില്ല. ഈ നിമിഷം മാത്രമേ നമ്മുടെ കയ്യില്‍ ഉള്ളൂ. ഉള്ള സമയം സന്തോഷമായി ഇരിക്കുക, എനിക്കെതിരെ മോശം കമന്റ് ചെയ്തവര്‍ക്കു സന്തോഷം കിട്ടുമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ, അവര്‍ക്ക് സന്തോഷിക്കാന്‍ ഞാന്‍ ഒരു കാരണം ആയല്ലോ. മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുന്നിടത്തോളം എനിക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ല,’

എഴുപതു വയസ്സ് ജീവിതത്തിന്റെ അവസാനമല്ല എന്നാണ് തന്റെ അഭിപ്രായം, ഓരോ മനുഷ്യരുടെയും ജീവിതം അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ സ്‌പേസ് കൊടുക്കണം. പുറം രാജ്യങ്ങളില്‍ 60 കഴിഞ്ഞാണ് ചിലര്‍ ജീവിതം ആരംഭിക്കുന്നത്. പ്രായമായവര്‍ മക്കള്‍ക്കും മരുമക്കള്‍ക്കുമായി ആഹാരം പാകം ചെയ്തു വീടിനുള്ളില്‍ മാത്രം ഒതുങ്ങേണ്ടവരല്ല. മക്കള്‍ക്ക് ഉള്ളതുപോലെ മാതാപിതാക്കള്‍ക്കും അവരുടെ ജീവിതം ആഗ്രഹത്തിനനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്യം വേണം.

മോശമായ നിരവധി പ്രതികരണങ്ങള്‍ വരുന്നുണ്ട്. ‘ഇതുവരെ ചത്തില്ലേ, പോയി ചത്തുകൂടെ തള്ളേ’ ഇങ്ങനെയൊക്കെ ഉള്ള കമന്റുകള്‍ പറഞ്ഞവരുണ്ട്. പക്ഷേ ഞാന്‍ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനമാണ്.എന്റെ ഭര്‍ത്താവിനോ മക്കള്‍ക്കോ ഇല്ലാത്ത വിഷമം മറ്റുള്ളവര്‍ക്കെന്തിനാണ്. എന്റെ മക്കളും കൊച്ചുമക്കളും അടുത്ത ബന്ധത്തിലുള്ള കുട്ടികളും വളരെ നല്ല അഭിപ്രായം ആണ് പറഞ്ഞത്. ‘ആന്റി അടിപൊളി ലുക്ക് ആയിട്ടുണ്ട്’ എന്ന് പറഞ്ഞു. ഫോട്ടോഷൂട്ടിനു ഡ്രസ്സ് കൊണ്ട് വന്നപ്പോള്‍ ഞാന്‍ ആതിരയോട് ചോദിച്ചു ഇത് ധരിച്ചുകൊണ്ട് ഫോട്ടോ എടുത്താല്‍ ഒരുപാട് മോശം അഭിപ്രായം വരില്ലേ എന്ന്. എന്നാല്‍ അവരെ നിരാശപ്പെടുത്താനും വയ്യ, കൊടുത്ത വാക്ക് പാലിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങനെ ആ വസ്ത്രം ധരിക്കാന്‍ തന്നെ തീരുമാനിച്ചു. അതില്‍ എനിക്ക് ഒരു തെറ്റും തോന്നിയില്ല. മോശമായിട്ടൊന്നും ഞാന്‍ ചെയ്തിട്ടില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.