14 ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു

കൊച്ചി: ആശ്വാസ വാര്‍ത്തയായി എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. കനത്ത മഴയുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നെല്ലിയാമ്പതിയില്‍ 2000 പേര്‍ കുടുങ്ങിയിട്ടുണ്ട്. ഹെലികോപ്റ്ററില്‍ ഇവര്‍ക്കുള്ള ഭക്ഷണം എത്തിക്കുമെന്നും വൈദ്യസഹായവും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം,ചെങ്ങന്നൂരിലെ സ്ഥിതി അതീവഗുരുതരമായി ഇപ്പോഴും തുടരുകയാണ്

ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്‍മണി മേഖലകളില്‍ 5000 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. ഇവര്‍ സുരക്ഷിതരെന്നും രക്ഷാപ്രവര്‍ത്തനം ഇന്നു വൈകിട്ടോടെ പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാരെ രക്ഷിക്കുന്നതിനാണു മുന്‍ഗണന നല്‍കുന്നത്.

അതേസമയം, ചെങ്ങന്നൂര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ചിലര്‍ വീടുവിട്ടു വരാന്‍ തയാറായിട്ടില്ലെന്നാണ് വിവരം. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ അഞ്ചാം ദിവസമാണ് ഇവിടുള്ളവര്‍ കുടുങ്ങിക്കിടക്കുന്നത്. ഭക്ഷണവും വെള്ളവും മതിയെന്നാണ് ഇവര്‍ പറയുന്നത്. ജലനിരപ്പ് താഴ്ന്ന പ്രദേശത്തുള്ളവര്‍ വീടുകളില്‍ തുടരുന്നതു സ്ഥിതി ഗുരുതരമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തിരുവല്ല, ആറന്മുള മേഖലകളിലും തുല്യദുരിതമാണ്.