വിദേശത്ത് നിന്നുമെത്തിയ യുവാവിനെ വീട്ടില്‍ കയറ്റാന്‍ അനുവദിച്ചില്ല, കുടിക്കാന്‍ പച്ചവെള്ളം പോലും നല്‍കിയില്ല

എടപ്പാള്‍: പ്രവാസികള്‍ തന്നെയാണ് നാടിന്റെ നട്ടെല്ല് എന്ന് പലപ്പോഴും പറയുന്നുണ്ട്. പല പ്രമുഖരും പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂഹം മുഴുവന്‍ അവര്‍ക്ക് എതിരെ മുഖം തിരിക്കുകയാണ്. വിദേശത്ത് കിടന്ന് വീടിനും നാടിനുമായി കഷ്ടപ്പെട്ട പ്രവാസിക്ക് ഒരു ചെറിയ തട്ടുകേട് സംഭവിച്ചപ്പോള്‍ അത് അംഗീകരിക്കാനോ അവരെ സ്വീകരിക്കാനോ ആരും തയ്യാറാവുന്നില്ല. ഇത്തരത്തില്‍ ഒരു സംഭവമാണ് എടപ്പാളില്‍ സംഭവിച്ചത്. വിദേശത്ത് നിന്നും എത്തിയ യുവാവിനെ വീട്ടില്‍ കയറാന്‍ ബന്ധുക്കളും ഉറ്റവരും അനുവദിച്ചില്ല. ഒരായുസ് കാലം മുഴുവന്‍ വീടിന് വേണ്ടി മണലാരണ്യത്തില്‍ കിടന്ന് കഷ്ടപ്പെട്ട പ്രവാസിയോട് ആണ് ഈ നന്ദി കേടെന്നത് ഏവരും ഓര്‍ക്കേണ്ടതാണ്.

വിദേശത്ത് നിന്നും എത്തിയ പ്രവാസി വീട്ടില്‍ കയറാനാവാതെ വീടിന് മുന്നില്‍ സ്വന്തക്കാരുടെ ദയയും കാത്ത് നിന്നത് മണിക്കൂറുകളോളമാണ്. ഒടുവില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇദ്ദേഹക്കെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. എടപ്പാള്‍ സ്വദേശിയായ യുവാവ് പുലര്‍ച്ചെ നാല് മണിയോടെയാണ് വിദേശത്ത് നിന്നും നാട്ടില്‍ എത്തിയത്. തിരികെ എത്തുന്ന കാര്യം നേരത്തെ തന്നെ ഇദ്ദേഹം വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ ഉണ്ടായിരുന്ന സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള ഉറ്റവര്‍ യുവാവിനോട് വീട്ടില്‍ കയറെണ്ടെന്ന് ശാഠ്യം പിടിക്കുകയായിരുന്നു.

യുവാവ് കുറച്ച് കുടിവെള്ളം ആവശ്യപ്പെട്ടിട്ട് പോലും നല്‍കിയില്ല. അടുത്തുള്ള പൂട്ടിക്കിടന്ന വീട് തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കള്‍ സമ്മതിച്ചില്ല. ഇതോടെ യുവാവ് സംഭവം ആരോഗ്യ പ്രവര്‍ത്തകരം അറിയിക്കുകയായിരുന്നു. ഒടുവില്‍ എടപ്പാള്‍ സി എച്ച് സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ എന്‍ അബ്ദുല്‍ ജലീല്‍ സംഭവത്തില്‍ ഇടപെടുകയും ആബുലന്‍സ് എത്തിച്ച് യുവാവിനെ നടുവട്ടത്തെ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്തു.