വാഹനാപകടങ്ങളിൽപെടുന്നവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം

തിരുവനന്തപുരം ∙ വാഹനാപകടങ്ങളിൽപെടുന്നവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകുന്ന കേന്ദ്രപദ്ധതിക്കു കേരളത്തിൽ തുടക്കമാകുന്നു. ഇതിനുള്ള മാർഗനിർദേശം സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ചു. അപകടത്തിനിരയായവരെ ഒരു മണിക്കൂറിനകം ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവരെയാണു പാരിതോഷികത്തിനു പരിഗണിക്കുക.

ഇത്തരം സംഭവം ശ്രദ്ധയിൽപെട്ടാൽ ആശുപത്രിയിലെ ഡോക്ടറെ പൊലീസ് ബന്ധപ്പെട്ടു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം അവാർഡിനുള്ള അർഹത വ്യക്തിക്ക് ഉണ്ടോയെന്നു പരിശോധിക്കും. ഉണ്ടെന്നു ബോധ്യപ്പെട്ടാൽ ജില്ലാതല അപ്രൈസൽ കമ്മിറ്റി അധ്യക്ഷൻ കൂടിയായ കലക്ടറെ അറിയിക്കും.

ജില്ലാതല അപ്രൈസൽ കമ്മിറ്റി ഇത്തരം ശുപാർശകൾ എല്ലാ മാസവും പരിശോധിച്ച് അർഹമായവ ഗതാഗത കമ്മിഷണർക്ക് അയയ്ക്കും. ഗതാഗത കമ്മിഷണറാണ് പാരിതോഷികം അനുവദിക്കുന്നത്.

പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താനായി സംസ്ഥാനതല നിരീക്ഷണ സമിതിക്കും രൂപം നൽകി. 3 മാസത്തിലൊരിക്കൽ യോഗം ചേരുന്ന സമിതി ഏറ്റവും സ്തുത്യർഹമായ രക്ഷാപ്രവർത്തനം കാഴ്ചവച്ച മൂന്നുപേരെ ദേശീയ അവാർഡിന് പരിഗണിക്കാൻ കേന്ദ്ര സർക്കാരിലേക്കു നാമനിർദേശം ചെയ്യും.