പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശവപ്പെട്ടിയുടെ ആകൃതിയെന്ന് ആർജെഡി, പരിഹാസം ഉദ്ഘാടന ചടങ്ങ് പുരോഗമിക്കുന്നതിനിടെ, നടപടി വേണമെന്ന് ബിജെപി

ന്യൂഡല്‍ഹി : ഡൽഹിയിൽ ഇന്ത്യയുടെ തന്നെ അഭിമാനമായ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നതിനിടെ മന്ദിരത്തിന്റെ ആകൃതിയെ ശവപ്പെട്ടിയോട് ഉപമിച്ച് ആർജെഡി. പുതിയ പാര്‍ലമെന്റിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ ചിത്രവും ഉള്‍പ്പെടുത്തി, എന്താണിതെന്ന ചോദ്യത്തോടെയാണ് ആര്‍ജെഡിയുടെ ട്വീറ്റ്. പാര്‍ലമെന്റിനെ ശവപ്പെട്ടിയോട് താരതമ്യപ്പെടുത്തിയ ആര്‍ജെഡിയുടെ നടപടിയെ വിമര്‍ശിച്ച് നിരവധി പേര്‍ ട്വീറ്റിന് താഴെ അഭിപ്രായം രേഖപ്പെടുത്തി.

പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്‌ഘാടനം ചെയുന്നു എന്ന സ്ഥിരീകരണം വന്നത് മുതൽ തന്നെ പ്രതിപക്ഷ പാർട്ടികൾ പല രീതിയിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. രാഷ്ട്രപതിയെ ഒഴിവാക്കി പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് ആര്‍ജെഡി ഉള്‍പ്പെടെ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപമാനകരമായ ട്വീറ്റുമായി ആർജെഡി രംഗത്തെത്തിയത്.

കുഴിച്ചുമൂടപ്പെടുന്ന ജനാധിപത്യത്തിന്റെ പ്രതീകമായാണ് ശവപ്പെട്ടിയുടെ ചിത്രം ട്വീറ്റ് ചെയ്തതെന്ന് ആര്‍ജെഡി ലീഡര്‍ ശക്തിസിങ് യാദവ് പ്രതികരിച്ചു. ജനാധിപത്യത്തെ കുഴിച്ചുമൂടാന്‍ രാജ്യത്തെ ജനങ്ങള്‍ സമ്മതിക്കില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് ചര്‍ച്ചകള്‍ക്കുള്ള ഇടമാണെന്നും അദ്ദേഹം വിമർശിച്ചു.