തലയ്ക്കടിച്ച കൂടത്തിന് രണ്ടുകിലോയോളം ഭാരം, ചോരക്കറ തുടച്ച് ചുറ്റിക ഒളിപ്പിച്ചു, റോസമ്മ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ

ആലപ്പുഴയിൽ സഹോദരന്‍ സഹോദരിയെ തലയ്ക്കടിച്ചുകൊന്ന സംഭവത്തില്‍ പോലീസിനു കൂടുതല്‍ തെളിവു കിട്ടി. കൊല്ലപ്പെട്ട റോസമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ മൃതദേഹം കുഴിച്ചിട്ടതിന്റെ സമീപത്തുനിന്നുതന്നെ കണ്ടെത്തി. അരയടിയോളം താഴ്ചയില്‍ കവറുകളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. മാല, വള, കമ്മല്‍ എന്നിവയാണുണ്ടായിരുന്നത്, എട്ടുപവനോളം. കുറച്ചു സ്വര്‍ണം പണയംവെച്ചതായി പ്രതി പോലീസിനോടു സമ്മതിച്ചു. ഇത് അടുത്തദിവസം കണ്ടെടുക്കും.

പ്രതി ബെന്നിയെ സംഭവം നടന്ന ഇയാളുടെ വീട്ടിലെത്തിച്ച് ചൊവ്വാഴ്ച പോലീസ് തെളിവെടുത്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പന്ത്രണ്ടാംവാര്‍ഡ് പൂങ്കാവ് വടക്കല്‍ പറമ്പില്‍ റോസമ്മ (61) കൊല്ലപ്പെട്ട കേസിലാണ് സഹോദരന്‍ ബെന്നി (63) കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മൃതദേഹം വീടിനോടുചേര്‍ന്നു കുഴിച്ചിട്ടത് പോലീസ് കണ്ടെത്തിയിരുന്നു.

ചുറ്റികകൊണ്ടുള്ള തലയ്ക്കടിയാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. ചുറ്റിക വിട്ടില്‍ നിന്നു കണ്ടെത്തി. അതിന് രണ്ടു കിലോയോളം തൂക്കമുണ്ട്. വലിയ കല്ലുകളും മറ്റും അടിച്ചുപൊട്ടിക്കുന്ന കൂടമാണിത്. ഇതു പ്രതി പോലീസിനു കാണിച്ചുകൊടുത്തു. ചോരക്കറ തുടച്ച് ചുറ്റിക ഒളിപ്പിച്ച നിലയിലായിരുന്നു. ചോരതുടച്ച തുണിയും കണ്ടെത്തി. സംഭവസമയം പ്രതി ധരിച്ച ഉടുപ്പും മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച തൂമ്പയും പ്രതി കാട്ടിക്കൊടുത്തു.

പോലീസ് കസ്റ്റഡിയിലുള്ള പ്രതി മനോവിഭ്രാന്തിയുള്ളതുപോലെ കാണിക്കുന്നുണ്ട്. തുടര്‍ന്ന് പരിശോധന നടത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തിരഞ്ഞെടുപ്പിനുശേഷം കസ്റ്റഡിക്ക് അപേക്ഷ നല്‍കും.