ഏറ്റവും വലിയ ഭീഷണിയാണ് റഷ്യയെന്ന് നാറ്റോ

ങ്ങളുടെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ് റഷ്യയെന്ന് 30 അംഗ നാറ്റോ സഖ്യ കക്ഷികള്‍ മാഡ്രിഡിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ വ്യക്തമാക്കി. അതോടൊപ്പം ചൈനയും തങ്ങളുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണെന്നും ആദ്യമായി നാറ്റോ രാജ്യങ്ങള്‍ ആരോപിച്ചു.

നാറ്റോയുടെ കിഴക്കൻ ഭാഗത്ത് ആദ്യമായി സ്ഥിര സാന്നിധ്യം സ്ഥാപിക്കുന്നതുൾപ്പെടെ യൂറോപ്പിലേക്ക് കൂടുതൽ സൈനികരെയും ആയുധങ്ങളും യുഎസ് എത്തിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. ഇതോടെ യുക്രൈന്‍ യുദ്ധത്തിന് പുതിയ മാനങ്ങള്‍ കൈവരികയാണെന്ന് അന്താരാഷ്ട്രാ യുദ്ധവിദഗ്ദരും നിരീക്ഷിക്കുന്നു.

അതോടൊപ്പം ചൈനയോടുള്ള നിലപാട് കടുപ്പിക്കാനും നാറ്റോ സഖ്യം തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യം തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് നാറ്റോ തുറന്ന് പ്രഖ്യാപിച്ചതോടെ വീണ്ടുമൊരു യുദ്ധം മുഖം തുറക്കുമോ എന്ന ആശങ്കയിലാണ് യൂറോപ്പ്.