നിനക്ക് വട്ടുണ്ടോ ചിന്നൂ ഈ തലകുത്തി നിന്നിട്ട് നിനക്കെന്ത് സന്തോഷം കിട്ടാനാ, യോഗ കണ്ട് ബിജുമേനോന്‍ ചോദിക്കുന്നതിനെ കുറിച്ച് സംയുക്ത വര്‍മ്മ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ. ബിജു മേനോനുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് നടി. കുടുംബജീവിതത്തിനിടെ യോഗയില്‍ സജീവമാണ് താരം. കാഠിന്യമേറിയ യോഗാ മുറകളൊക്കെ സംയുക്ത നിസാരമായി ചെയ്യും. രോഗങ്ങള്‍ വന്ന് തുടങ്ങിയപ്പോള്‍ മുതലാണ് യോഗ അഭ്യസിക്കാന്‍ തുടങ്ങിയത് എന്നാണ് സംയുക്ത വര്‍മ പറയുന്നത്.

ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ താന്‍ യോഗ ചെയ്യുന്നത് കാണുമ്പോള്‍ ബിജു മേനോന്‍ പറയുന്ന രസകരമായ കമന്റുകളെ കുറിച്ച് സംയുക്ത പറഞ്ഞു. ‘നീയെന്തിനാണ് ഇത്ര രാവിലെ എഴുന്നേല്‍ക്കുന്നത്. നിനക്ക് വട്ടുണ്ടോ ചിന്നൂ ഈ തലകുത്തി നിന്നിട്ട് നിനക്കെന്ത് സന്തോഷം കിട്ടാനാ എന്നാണ് ബിജുവേട്ടന്‍ ചോദിക്കാറുള്ളത്. ക്ലാസുള്ള ദിവസമൊക്കെയാണെങ്കില്‍ ഞാന്‍ നാല് മണിക്കൊക്കെ എഴുന്നേല്‍ക്കാറുണ്ട്. ഇടയ്ക്ക് ബ്രേക്ക് ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ ഡിസിപ്ലിന്‍ വെക്കുന്നത്. ബിജുവേട്ടന്‍ ലേറ്റായാണ് വരുന്നതും കഴിക്കുന്നതും. വളരെ റിലാക്സാഡായിട്ടുള്ള മോഡാണ് അദ്ദേഹത്തിന്റേത്’ സംയുക്ത വര്‍മ പറയുന്നു.

ശ്വാസംമുട്ടല്‍, പോളിസിസ്റ്റിക് ഓവറി, ഹോര്‍മോണ്‍ ഇംബാലന്‍സ് ഇതൊക്കെയുണ്ടായിരുന്നു എനിക്ക്. അതില്‍ നിന്നൊക്ക ഒരു മാറ്റത്തിനാണ് ഞാന്‍ യോഗ തുടങ്ങിയത്. രോഗങ്ങള്‍ പതുക്കെപ്പതുെക്ക ഇല്ലാതായി. യോഗ മാത്രം ശേഷിച്ചു. അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടായി. യോഗക്രിയകള്‍പോലെ യോഗ തത്ത്വചിന്തയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. മുന്നേപോയ ജ്ഞാനികള്‍ പറഞ്ഞതാണ് തത്ത്വചിന്തയായി നമ്മള്‍ അറിയുന്നത്. എന്നാലും ഞാന്‍ അനുഭവിക്കുന്നതാണ് എന്റെ തത്ത്വചിന്ത. അതാവണമെന്നില്ല എല്ലാവരുടെയും തത്ത്വചിന്ത. ഒരേ ക്ലാസില്‍ ഒരേ ക്രിയ ചെയ്യുന്നവര്‍ക്കുപോലും ഉള്ളില്‍ യോഗാനുഭവം വെവ്വേറെയാണ്.

ബിജുവേട്ടന്‍ അഭിനയിച്ച സിനിമകളെല്ലാം എനിക്കിഷ്ടമാണ്. ചെയ്യുന്ന സിനിമകളിലെല്ലാം ബിജുവേട്ടന്‍ നന്നായി അഭിനയിക്കാറുണ്ട്. അവാര്‍ഡ് വിവരം അറിഞ്ഞപ്പോള്‍ ഞങ്ങളങ്ങനെ ഓവറായി സന്തോഷിച്ചൊന്നുമില്ല. മതിമറന്ന് സന്തോഷിക്കാറില്ല. അങ്ങനെ ഓവര്‍ എക്സൈറ്റഡാവുന്നവരല്ല ഞങ്ങള്‍. ബിജുവേട്ടന്റെ ക്രിട്ടിക്കാവാറുണ്ട് ഇടയ്ക്ക്. അതേക്കുറിച്ചൊക്കെ ഞാന്‍ പറയാറുണ്ട്. ബിജുവേട്ടന്‍ എവിടെയൊക്കെ ഉഴപ്പിയെന്ന് എനിക്ക് കൃത്യമായി മനസിലാവും. അത് വേറാരും അറിയുകയോ മനസിലാക്കുകയോ ചെയ്യാറില്ല. ഇത്തവണത്തെ അവാര്‍ഡ് അദ്ദേഹം അര്‍ഹിച്ചിരുന്നു. ആര്‍ക്കറിയാമിലെ പ്രകടനം അത്രത്തോളം നന്നായിരുന്നു. ബിജുവെട്ടന്‍ മാത്രമല്ല നോമിനേഷന്‍ പട്ടികയില്‍ ഉണ്ടായിരുന്ന ഇന്ദ്രന്‍ ചേട്ടന്‍ അടക്കമുള്ളവര്‍ മികച്ച പ്രകടനമായിരുന്നു. പൊതുവെ ലൊക്കേഷനിലേക്ക് പോവാനിഷ്ടമില്ല. എനിക്കൊന്നും ചെയ്യാനില്ലാതെ ലൊക്കേഷനില്‍ പോയിരിക്കുന്നത് ഇഷ്ടമില്ല.

അപ്പോള്‍ എനിക്ക് ബോറടിക്കും. ലൊക്കേഷനില്‍ ഞാനൊരിക്കലും വെറുതെയിരുന്നിട്ടില്ല. അതേപോലെ തന്നെയാണ് സ്റ്റേജ് ഷോയും. തെങ്കാശിപ്പട്ടണമാണ് ഞാന്‍ ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമ. നല്ല രസമുള്ള ലൊക്കേഷനായിരുന്നു. ഗീതുവും കാവ്യയുമൊക്കെയുണ്ടായിരുന്നു. അന്ന് എല്ലാവരും ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നതും തമാശ പറയുന്നതുമെല്ലാം രസമായിരുന്നു’ സംയുക്ത വര്‍മ പറയുന്നു. വളരെ വിരളമായി മാത്രം അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റിയാണ് സംയുക്ത വര്‍മ. സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം ഇടയ്ക്ക് പരസ്യങ്ങളില്‍ അഭിനയിക്കാറുണ്ട്.