പൂര്‍ണിമ ചേച്ചി നല്‍കിയ ആത്മവിശ്വാസം, പ്രചോദനം, വാചാലയായി സയനോര ഫിലിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സയനോര ഫിലിപ്പ്. ഗായിക മാത്രമല്ല സംഗീത സംവിധായിക കൂടിയാണ് താരം. പലപ്പോഴും സ്വീകരിക്കുന്ന നിലപാടുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സയനോര ചര്‍ച്ചയാകാറുമുണ്ട്. വലിയ തോതില്‍ സൈബര്‍ അറ്റാക്കും നേരിടേണ്ടി വന്നിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു പരിഹാസം നേരിട്ടത്. നിറത്തിന്റെയും ആകാരത്തിന്റെയും പേരില്‍ പരിഹസിക്കപ്പെട്ടു. ഇപ്പോള്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് നല്‍കിയ ആത്മവിശ്വാസത്തെ കുറിച്ച് പറയുകയാണ് സയനോര. ഒരു മാധ്യമത്തോട് പ്രതികരിക്കവെയാണ് സയനോര മനസ് തുറന്നത്.

സയനോരയുടെ വാക്കുകള്‍ ഇങ്ങനെ… ‘പൂര്‍ണിമ ചേച്ചിയെ എനിക്ക് വളരെ ഇഷ്ടമാണ്. പണ്ട് ഞാന്‍ എന്റെ ശരീരത്തെക്കുറിച്ച് ഭയങ്കര കോണ്‍ഷ്യസ് ആയിരുന്നു. അന്ന് പൂര്‍ണിമ ചേച്ചിയാണ് ആത്മവിശ്വാസം തന്നത്. ‘മെലിഞ്ഞവര്‍ക്കു മാത്രമേ സൗന്ദര്യമുള്ളൂ എന്നാരാണ് പറഞ്ഞത്? നീ നിന്റെ ശരീരത്തില്‍ സൗന്ദര്യം കണ്ടെത്തണം. ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം’ അങ്ങനെ ഒരുപാടു കാര്യങ്ങള്‍ ചേച്ചി പറഞ്ഞു, പ്രചോദിപ്പിച്ചു. ചേച്ചിയുടെ ഫാഷനും കളര്‍ സിലക്ഷനും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ‘ഷീ ഈസ് എ വണ്ടര്‍ഫുള്‍ ലേഡി’ എന്നു നിസംശയം പറയാം’.

ഫാഷന്‍ ലോകത്തുനിന്ന് ഒരുപാട് അകന്നു ജീവിച്ച ആളാണു ഞാന്‍. മമ്മിയുടെ സാരി വെട്ടി ചുരിദാര്‍ തയ്ക്കുന്നതായിരുന്നു കോളേജ് പഠനകാലത്തെ രീതി. ആ സമയത്ത് ചുരിദാര്‍ മാത്രമേ ധരിക്കുമായിരുന്നുള്ളൂ. കയ്യും കാലും കണ്ടാല്‍ അയ്യേ എന്നു പറയുന്ന ആളുകളുടെ അതേ മനോഭാവമായിരുന്നു എനിക്കും. പതിയെ ശരീരത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറി. പൊതുബോധത്തില്‍ ഉറച്ച സങ്കല്‍പമല്ല മറിച്ച് ഒരാള്‍ക്ക് അയാളുടെ ശരീരത്തിലുള്ള ആത്മവിശ്വാസമാണ് സൗന്ദര്യം എന്നു വിശ്വസിക്കാന്‍ തുടങ്ങി. എനിക്ക് ആത്മവിശ്വാസം കൈവന്നു. അതോടെ ശരീരത്തെ കൂടുതല്‍ സ്നേഹിക്കാനും ബോള്‍ഡായി വസ്ത്രം ധരിക്കാനും തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. ഇത് എന്റെ ജീവിതമാണ്. ഒരുപ്രാവശ്യം മാത്രം കിട്ടുന്ന ഭാഗ്യം. അത് ആരെയും ബുദ്ധിമുട്ടിക്കാതെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുക എന്നുള്ളതാണ് എന്റെ മോട്ടോ.’