സ്‌കൂൾ കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണു, ഒരാൾ ആശുപത്രിയിൽ

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണ് അപകടം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. മരക്കൊമ്പ് ഒടിഞ്ഞു വീണെങ്കിലും മത്സരം തടസപ്പെട്ടില്ല. സദസിന്റെ ഒരു വശത്തേക്കാണ് കൊമ്പ് വീണത് എന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ ട്രെയിനിൽവെച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിയുടെ കാലുകൽ ചതഞ്ഞരഞ്ഞു. പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഫൈസലിനായിരുന്നു പരിക്കേറ്റത്. ഇന്ന് പുലർച്ചെ രണ്ടരയോടെ ശാസ്താംകോട്ടയിൽ വെച്ചായിരുന്നു അപകടം . ഹൈസ്കൂൾ വിഭാ​ഗം വട്ടപ്പാട്ട് മത്സരത്തിൽ പങ്കെടുത്ത് എ ഗ്രേഡ് വാങ്ങി മടങ്ങുകയായിരുന്നു ഫൈസൽ.

ഉറക്കത്തിനിടെ വാതിലിലൂടെ ട്രെയിനിന്റെ പുറത്തേക്കായ കാലുകൾ മരക്കൊമ്പിലോ പോസ്റ്റിലോ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. ട്രെയിനിൽ വച്ചുണ്ടായ അപകടത്തിൽ ഫൈസലിന്റെ കാൽവിരലുകൾ ചതഞ്ഞരഞ്ഞു.പരിക്ക് പറ്റിയ കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.