ഷാജഹാനെ കൊന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് പറയാനാകാതെ മുഖ്യന്‍; പ്രതിയുടെ ഫേസ്ബുക്കില്‍ നിറയെ സിപിഎം ബന്ധമുള്ള ഫോട്ടോകള്‍

പാലക്കാട് മലമ്പുഴയില്‍ സി പി എം പ്രവര്‍ത്തകനായ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളിലൊരാള്‍ക്കുള്ള സി പി എം ബന്ധം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ഷാജഹാന്റെ കൊലക്ക് പിന്നില്‍ സി പി എം തന്നെയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനമടക്കമുള്ളവര്‍ ഇന്നലെ തന്നെ സൂചന നല്‍കിയിരുന്നു.

ആര്‍ എസ് എസ് കാരെനെന്ന് സി പി എം പറയുമ്പോഴും പ്രതിയായ നവീന്റെ ഫേസ് ബുക്ക് നിറയെ കോടിയേരി അടക്കമുളള സി പി എം നേതാക്കളൊടുത്തുള്ള ചിത്രങ്ങളാണ്. എന്റെ നേതാവ് എന്ന അടിക്കുറിപ്പോടെ കോടിയേരിയുടെ ഒപ്പം തന്റെ മക്കള്‍ നില്‍ക്കുന്ന ഫോട്ടോയും, നടന്‍ കുഞ്ചാക്കോ ബോബന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്തിപ്പറയുന്ന വീഡിയോയുമെല്ലാം നവീന്റെ  ഫേസ് ബുക്കിലുണ്ട്.

എം എം മണി അടക്കമുള്ള എല്ലാ സി പി എം നേതാക്കളുടെയും ചിത്രങ്ങളും ഫേസ് ബുക്ക് പോസ്റ്റുകളിലുണ്ട്. മുഖ്യമന്ത്രിയടക്കമുള്ള ആളുകള്‍ കൊല നടത്തിയത് ആര്‍ എസ എസ് ആണെന്ന് ഉറപ്പിച്ച് പറഞ്ഞുമില്ല. പാലക്കാട്ടെ പ്രമുഖ സി പി എം നേതാക്കളാരും ഇക്കാര്യത്തില്‍ കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടുമില്ല. കോണ്‍ഗ്രസും ബി ജെ പിയും പ്രതിയായ അനൂപിന്റെ ഫേസ് ബുക്ക് പോസ്‌ററുകള്‍ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്.

കൊലപാതകത്തിന് ശേഷം മൂന്ന് സംഘങ്ങളായാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.മലമ്പുഴ കവയ്ക്കടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരടക്കം കസ്റ്റഡിയിലുണ്ട്. ഇവരെ നാലിടങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. മലമ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.

പ്രതികള്‍ കൊലപാതകത്തിന് ശേഷം പലയിടങ്ങളിലായാണ് ഒളിവില്‍ കഴിയുന്നതെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പിടികൂടാന്‍ വിവിധ സംഘങ്ങളായാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.ഇന്നലെ രാത്രിയാണ് ബൈക്കിലെത്തിയ സംഘം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. ഷാജഹാന്റെ വധം രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ബിജെപി പ്രവര്‍ത്തകരാണ് കൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.