ആൺസുഹൃത്തിനോട് ഐ ഫോൺ വാങ്ങി നൽകാൻ പറഞ്ഞു, കേട്ടില്ല, ആൺസുഹൃത്തിന്‍റെ കൂട്ടുകാരന്‍റെ ഐഫോൺ പെൺകുട്ടി അടിച്ച് മാറ്റി

സുഹൃത്ത് പറഞ്ഞതിനെ തുടർന്ന് അയാളുടെ പെൺ സുഹൃത്തിനെ ഹോസ്റ്റലിൽ എത്തിക്കാൻ പോയ യുവാവിന്റെ ഐ ഫോൺ പെൺകുട്ടി അടിച്ചു മാറ്റി. ആൺ സുഹൃത്തിനോട് ഐ ഫോൺ വാങ്ങി നൽകാൻ പറഞ്ഞത് നടക്കാതായതോടെ അയാളുടെ സുഹൃത്തിന്റെ ഐ ഫോൺ പെൺകുട്ടി അടിച്ചു മാറ്റിയെന്നാണ് ആരോപണം. സംഭവത്തെ തുടർന്ന് ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിൽ നടന്നതാവട്ടെ നാടകീയരംഗങ്ങൾ.

പെൺകുട്ടി ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ഐഫോൺ മോഷ്ടിച്ചെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. കൂട്ടുകാരന്‍റെ പെൺ സുഹൃത്ത് ഫോൺ തട്ടിയെടുത്തെന്ന പരാതിയുമായാണ് യുവാവ് കൊച്ചി ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. കൊല്ലം സ്വദേശിനിയായ പെൺകുട്ടിക്കെതിരെയാണ് യുവാവ് പരാതി നൽകിയത്.

പരാതിക്കാരനായ യുവാവിന്റെ സുഹൃത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെൺകുട്ടിയെ കാക്കനാട്ടെ ഹോസ്റ്റലിലേക്ക് എത്തിക്കുകയുണ്ടായി. ഹോസ്റ്റലിൽ എത്തിയ വിവരം അറിയിക്കാൻ കാമുകനെ വിളിക്കാനായി യുവതി യുവാവിനോട് ഫോണ്‍ ആവശ്യപ്പെടുകയായിരുന്നു. ഫോൺ വാങ്ങി കാമുകനെ വിളിച്ചുകൊണ്ട് പെൺകുട്ടി ഹോസ്റ്റലിലേക്ക് ഓടികയറിപ്പോയി. ഏറെ സമയം കാത്തു നിന്നിട്ടും യുവതി തിരികെ എത്തിയില്ല. ഇതോടെ ലേഡീസ് ഹോസ്റ്റലിന്‍റെ സുരക്ഷാ ജീവനക്കാരോട് കാര്യം പറഞ്ഞെങ്കിലും, യുവാവ് പറഞ്ഞത് ഹോസ്റ്റൽ അധികൃതർ മുഖവിലയ്ക്ക് എടുക്കാൻ തയ്യാറായില്ല.

യുവാവ് ഇതോടെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് പെൺകുട്ടിയെയും ആൺസുഹൃത്തിനെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. എന്നാൽ ഫോൺ താൻ എടുത്തില്ലെന്നാ യിരുന്നു പെൺകുട്ടി ആദ്യം പറയുന്നത്. കുറെ നേരം ചോദ്യം ചെയ്തതോടെ ഫോൺ എടുത്തെന്ന് പെൺകുട്ടി സമ്മതിച്ചു. എന്നാൽ അത് ഹോസ്റ്റലിന് സമീപത്തെ കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പറഞ്ഞത്. ഫോൺ തിരിച്ചു നൽകിയാൽ മോഷണക്കുറ്റത്തിന് പ്രതിയാകുമെന്നു കൂട്ടുകാരി പറഞ്ഞതിനാൽ ഫോൺ വലിച്ചെറിഞ്ഞതെന്നാണ് പെൺകുട്ടി പറഞ്ഞത്.

പെൺകുട്ടി പറഞ്ഞ കുറ്റിക്കാട്ടിൽ പരിശോധിച്ചെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ പെൺകുട്ടിയുടെ മാതാപിതാക്കളെ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ പതിനഞ്ച് ദിവസത്തിനകം ഫോണിന്‍റെ വില നൽകാമെന്ന വ്യവസ്ഥയിൽ പ്രശ്നം അവസാനിപ്പിക്കുകയാണ് ഉണ്ടായത്. തനിക്ക് ഒരു ഐഫോൺ വാങ്ങിനൽകണമെന്ന് പെൺകുട്ടി നേരത്തെ ആൺസുഹൃത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഐഫോൺ വാങ്ങി നൽകാത്തതിനെ തുടർന്ന് ആൺസുഹൃത്തിന്‍റെ കൂട്ടുകാരന്‍റെ ഫോൺ പെൺകുട്ടി തട്ടിയെടുത്തതെന്നാണ് പറയുന്നത്.