എന്നെ ഞാനാക്കിയത് അമ്മ; ഉയർന്ന ജോലി പോലും ഉപേക്ഷിച്ച്‌ എന്റെ കൂടെ നിന്നു: ശിവാനി

ഉപ്പും മുളകും എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ എത്തി പ്രേക്ഷകരുടെ മനം കവർന്ന കൊച്ചു മിടുക്കിയാണ് ശിവാനി. ചെറിയ വായിൽ വലിയ വർത്തമാനം പറയുന്ന കിലുക്കാം പെട്ടി പെണ്ണ് എന്നാണ് ശിവാനിയെ വിശേഷിപ്പിക്കാറ് .ചെറുപ്പത്തിൽ തന്നെ ഉപ്പുമുളകിലും എത്തിയ താരം പ്രേക്ഷകർക്ക് മുൻപിൽ തന്നെയാണ് വളർന്നു വലുതായത്. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിയാണ് ശിവാനി.മീനയുടെയും ആനന്ദിന്റെയും ഏക മകളാണ് ശിവ. പഠനത്തിലും കലയിലും, സ്പോർട്സിലും ഒരേ പോലെ മികവ് പുലർത്തുന്ന ശിവയെ ചെറുപ്പം മുതൽ ഈ മേഖലയിൽ നിർത്തുന്നത് ഇവരാണ്. ഒരു വീഡിയോയിലൂടെയാണ് ശിവാനി എന്ന കൊച്ചുമിടുക്കിയെ കേരളം നെഞ്ചേറ്റുന്നത്. കാക്കയുടെയും കുറുക്കന്റെയും കഥപറഞ്ഞെത്തിയ ശിവാനി, പിന്നീട് മുതുകാടിന്റെ സ്റ്റേജ് ഷോകളിലും, കിലുക്കം പെട്ടിയിലൂടെയും അഭിനയ രംഗത്തേക്ക് ചുവട് വച്ചത്.

ഇപ്പോഴിതാ, ഒരു പൊതുവേദിയിൽ സംസാരിക്കുന്ന ശിവാനിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ആദ്യ സൂപ്പർ ഹീറോ അമ്മയാണെന്ന് പറയുകയാണ് ശിവാനി. സ്വന്തം ജോലി പോലും വേണ്ടെന്ന് വെച്ച്‌ അമ്മ തനിക്കൊപ്പം നിന്നത് കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് തനിക്ക് എത്താൻ കഴിഞ്ഞതെന്ന് ശിവാനി പറയുന്നു.

‘ഉപ്പും മുളകിന്റെ ഷൂട്ട് തുടങ്ങുമ്പോൾ അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നു. അമ്മ ഒരു വിമാനക്കമ്പനിയിൽ ചീഫ് അക്കൗണ്ടന്റ് ആയിരുന്നു. എന്നാൽ ഷൂട്ട് തുടങ്ങി ഒരു ഒന്നൊന്നര വർഷം കഴിഞ്ഞപ്പോൾ ഷൂട്ടിങ് തിരക്കുകളിൽ പെട്ട് എനിക്ക് ഒരുപാട് സ്ഥലങ്ങളിൽ പോകേണ്ടതായി വന്നു. അതിനു എന്റെ കൂടെ എപ്പോഴും ഒരാൾ വേണമായിരുന്നു. അങ്ങനെ അമ്മ ജോലി രാജിവയ്ക്കാമെന്ന് പറഞ്ഞു. അന്ന് മുതൽ ഇന്ന് വരെ എന്റെ കൂടെ നിന്ന സൂപ്പർ വുമണാണ് എന്റെ അമ്മ’, ശിവാനി പറഞ്ഞു.

ഞാൻ പത്താം ക്ലാസ് കഴിഞ്ഞു, നല്ല റിസൾട്ടായിരുന്നു. എങ്ങനെയാണ് പഠനവും ഷൂട്ടിങ് തിരക്കുകളും എല്ലാം കൂടി കൊണ്ട് പോകുന്നതെന്ന് എല്ലാവരും ചോദിക്കും. അപ്പോൾ എന്റെ അമ്മയെ ആണ് കാണിക്കുക. എന്റെ അമ്മയാണ് എന്നെ ഇവിടം വരെ എത്തിച്ചത്. ഏറെ അഭിമാനത്തോടെ പറയും എന്റെ നേട്ടങ്ങൾക്ക് പിന്നിൽ അമ്മയാണെന്ന്. ഞാൻ ഒരിക്കൽ അമ്മയോട് പറഞ്ഞു. അമ്മയുടെ സ്വപ്നങ്ങൾ എനിക്കായി കളയരുതെന്ന്.

അന്ന് അമ്മ പറഞ്ഞത് അമ്മയുടെ ഏറ്റവും വലിയ ഡ്രീം ഞാൻ ആണെന്നാണ്. എന്നിലൂടെ വേണം അമ്മയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എന്നാണ്. എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളതും ഇന്ന് ഈ വേദിയിൽ നിന്ന് എനിക്ക് സംസാരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെയെല്ലാം പിന്നിൽ എന്റെ അമ്മയും അച്ഛനും മാത്രമാണ്. അതിൽ എനിക്ക് അവരോട് ഒരുപാട് നന്ദിയുണ്ട്.