ഗഡ്കരിക്കും ജെയ്റ്റ്ലിക്കും 300 കോടി: മുഖ്യമന്ത്രി കസേരക്കായി യെദ്യൂരപ്പ ബിജെപി നേതാക്കൾക്ക് നൽകിയ കണക്ക് പുറത്ത്

ന്യൂഡെൽഹി: തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നതിനിടെ ബിജെപിയെ വെട്ടിലാക്കി കോഴ വിവാദം. കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ വിഎസ് യെദ്യൂരപ്പയാണ് കോഴ വിവാദത്തിൽ വീണത്. മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ യെദ്യൂരപ്പ 18,000 കോടി രൂപ കോഴ നൽകിയെന്ന റിപ്പോർട്ടാണ് തെളിവ് സഹിതം ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

2008 – 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി ട്ടാണ് യെദ്യൂരപ്പ ഈ തുക നൽകിയത്. “കാരവന്‍’ മാസികയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

2017 മുതൽ ആദായനികുതി വകുപ്പിന്‍റെ പക്കൽ ഈ രേഖകളുണ്ടായിരുന്നു. എന്നിട്ടും ഒരു നടപടിയും ആദായനികുതി വകുപ്പ് എടുക്കാത്തതെന്താണെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. ഇത്രയധികം പണം യെദ്യൂരപ്പയുടെ പക്കൽ എവിടെ നിന്നാണെന്നും ആർക്കും അറിയില്ല.

മെയ് 2008 മുതല്‍ ജൂലൈ 2011 വരെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു ഈ കാലയളവിലാണ് ഇടപാടുകളെല്ലാം നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയിലാണ് സാമ്പത്തിക ഇടപാടുകളെല്ലാം യെദ്യൂരപ്പ രേഖപ്പെടുത്തി വച്ചിരിക്കുന്നത്. സ്വന്തം കൈപ്പടയിലാണ് കണക്കുകൾ യെദ്യൂരപ്പ എഴുതി വച്ചിട്ടുള്ളത്. എല്ലാ കണക്കുകളുടേയും താഴത്ത് അദ്ദേഹം ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

പിന്‍കാലത്ത് ആദായ നികുതി വകുപ്പ് യെദ്യൂരപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഈ ഡയറികള്‍ പിടിച്ചെടുത്തു. എന്നാല്‍ ഇത്ര വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ ഇതിലെ വിവരങ്ങള്‍ പുറത്തു വരുന്നത്. 2017 മുതല്‍ ഈ രേഖകള്‍ ആദായനികുതി വകുപ്പിന്‍റെ കൈവശമുണ്ടെന്ന് കാരവാന്‍ പ്രസീദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകള്‍ പ്രകാരം ആയിരം കോടി രൂപ ബിജെപി കേന്ദ്രകമ്മിറ്റിക്ക് യെദ്യൂരപ്പ നല്‍കിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റലിക്കും നിതിന്‍ ഗഡ്കരിക്കും 150 കോടി വീതം യെദ്യൂരപ്പ നല്‍കി. രാജ്നാഥ് സിങിന് നൂറ് കോടി നല്‍കിയപ്പോള്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ അദ്വാനിക്കും മുരളീ മനോഹര്‍ ജോഷിക്കും അന്‍പത് കോടി വീതമാണ് നല്‍കിയതെന്നും യെദ്യൂരപ്പയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ നിതിന്‍ ഗഡ്കരിയുടെ മകന്‍റെ കല്യാണത്തിന് മാത്രം പത്ത് കോടി വേറെയും നല്‍കിയിട്ടുണ്ടെന്ന് ഡയറിയില്‍ കുറിച്ചു വച്ചിട്ടുണ്ട്.