ഉപ്പ വിദേശത്താണ്, ഒന്നരമാസമായി ജോലിയില്ല, പ്രധാനമന്ത്രിക്ക് കത്തയച്ച് ആറാംക്ലാസുകാരി

പേരാമ്പ്ര: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറെ ദുരിതം അനുഭവിക്കുന്നത് പ്രവാസികളും അവരുടെ ആശ്രിതരുമാണ്. വിദേശത്തുള്ള പലരുടെയും ജോലിയും ശമ്പളവും അനശ്ചിതത്വത്തിലായി. ഇതോടെ അവരെ ആശ്രയിച്ച് ജീവിച്ചിരുന്നവരും ഇനി എന്ത് ചെയ്യുമെന്ന് അറിയാത്ത സാഹചര്യത്തിലാണ്. ഈ സാഹചര്യത്തില്‍ വിദേശത്തുള്ള പിതാവിന് വേണ്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരിക്കുകയാണ് പേരാമ്പ്രയിലുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥി. എല്ലാ പ്രവാസികളെയും മടക്കിക്കൊണ്ടുവരണമെന്നും പേരാമ്പ്ര ഒലീവ് പബ്ലിക് സ്‌കൂളില്‍ പഠിക്കുന്ന ഐന ബിന്‍ത് ജാഫര്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നു. കത്തിന്റെ ഒരു കോപ്പി മുഖ്യമന്ത്രിക്കും അയച്ചിട്ടുണ്ട്.

”എന്തെങ്കിലും തെറ്റ് വന്നു പോയാല്‍ ക്ഷമിക്കണം എന്ന് പറഞ്ഞ് തുടങ്ങട്ടെ. ഞങ്ങള്‍ എല്ലാവരും സാര്‍ പറഞ്ഞതു പോലെ ലോക് ഡൗണില്‍ വീട്ടില്‍ ഇരിക്കുകയാണ്. പക്ഷേ എന്റെ ഉപ്പ വിദേശത്ത് ജോലി ചെയ്യുന്നു, ഉപ്പാക്ക് ഒന്നര മാസം ആയി ജോലി ഇല്ല. സാര്‍ എല്ലാ രാജ്യവും സന്ദര്‍ശിച്ചതുകൊണ്ട് ഒരു ദിവസം വിദേശ രാജ്യത്ത് കഴിയാന്‍ ഉള്ള ചെലവ് അറിയാമല്ലോ. അതുപോലെ ജോലി ഇല്ലാതെയും ഭക്ഷണം കഴിക്കാതെയും നില്‍ക്കുന്നവരുടെ അവസ്ഥ.

ഇപ്പോള്‍ എനിക്ക് പ്രവാസികളെ എന്ന് എത്തിക്കും എന്ന് അറിയാന്‍ കഴിയുന്നില്ല. ഇങ്ങനെ വിദേശത്തുള്ള എല്ലാവരുടെയും മക്കള്‍ പ്രയാസത്തില്‍ ആയിരിക്കും. ലോക് ഡൗണ്‍ 14 ദിവസത്തേക്കു കൂടി നീട്ടി എന്ന് ഇപ്പോള്‍ അറിഞ്ഞു. അതിനാല്‍ ഇപ്പോള്‍ തന്നെ പ്രവാസികളെയും കൊണ്ട് വരുന്നതല്ലേ നല്ലത്?…. എന്നു തുടരുന്ന കത്ത് ”നാളെത്തന്നെ വിമാനത്താവളം തുറന്ന് അവരെ കൊണ്ടു വരാന്‍ ശ്രമിക്കും എന്ന് പ്രതീക്ഷിക്കട്ടെ. ദയവായി താമസിക്കരുത്. ഇത് എന്റെ അപേക്ഷയാണ്. വിശ്വസ്തതയോടെ ഐന”