‘പാലാ പള്ളി’ക്ക് ചുവടുവെച്ച് ഒരു വയസുകാരന്‍; വീഡിയോ വൈറലാകുന്നു

ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ കടുവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ‘പാലാ പള്ളി തിരുപ്പള്ളി’ ഗാനം ഹിറ്റാണ് സോഷ്യല്‍ മീഡിയയില്‍. 15 മില്യണ്‍ കാഴ്ചക്കാരാണ് ഇതുവരെ യൂട്യൂബില്‍ വീഡിയോ കണ്ടത്. നിരവധി പേരാണ് ഈ ഗാനത്തിന് ചുവടുകളുമായെത്തിയത്. പ്രായഭേദമന്യേ കടുവയിലെ ഗാനം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ ഒരു വയസുള്ള കുഞ്ഞും പാലാ പള്ളി ഏറ്റെടുത്തിരിക്കുകയാണ്. ഒരു വയസും രണ്ടും മാസവും പ്രായമുള്ള നീല്‍ നഥേനെന്ന നതുവാണ് കുഞ്ഞു ചുവടുകള്‍ വെച്ച് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. ശരത്- ഗാര്‍ഗി ദമ്പതികളുടെ മകനാണ് നതു. പൃഥ്വിരാജ് നായകനായെത്തിയ ചിത്രത്തിലെ ഗാനം നതുവിന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ്.

സന്തോഷ് വര്‍മ്മയുടേയും ശ്രീഹരി തറയിലിന്റേയും വരികള്‍ ആലപിച്ചിരിക്കുന്നത് അതുല്‍ നറുകരയാണ്. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ‘ആദം ജോണി’ന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്.