27 വർഷമായി വിവാഹം കഴിഞ്ഞിട്ട്, മക്കളില്ല, വിശേഷങ്ങളുമായി സോന നായർ

ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് സോന നായർ. സീരിയലുകളിലൂടെ മലയാളിയുടെ മനം കവർന്ന സോന ദുരദർശനിൽ സംപ്രേക്ഷണം ചെയ്ത നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിരുന്നു. അതിൽ രാച്ചിയമ്മ എന്ന ടെലിഫിലിം ഏറെ ശ്രദ്ധനേടിയിരുന്നു. 1996ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ടാണ് സോന മലയാളചലച്ചിത്ര ലോകത്തേക്ക് എത്തിയത്.

ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി എത്തിയിരിക്കുകയാണ് സോന നായർ. ”ഭർത്താവ് ഉദയൻ അമ്പാടി സിനിമാട്ടോഗ്രഫറാണ്. എനിക്ക് മുമ്പേ സിനിമയിലെത്തിയ അദ്ദേഹവുമായി ലൊക്കേഷനിൽ വച്ചുള്ള പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. 27 വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഞങ്ങൾക്ക് മക്കളില്ല. അച്ഛൻ സുധാകറും അമ്മ വരുന്ധരാ ദേവിയും കലാ ജീവിതത്തിന് എല്ലാ പിന്തുണയും തന്നു. അച്ഛനാണ് ലൊക്കേഷനിൽ കൂട്ടു വന്നിരുന്നത്. അനിയൻ ദീപുവിന് ബിസിനസാണ്

അഭിനയത്തിന്റെ തുടക്കത്തിലുള്ളവർക്ക് ലൈറ്റും ലൊക്കേഷനും കഥാപാത്രവുമൊക്കെ മാനേജ് ചെയ്യാൻ പഠിക്കാൻ സീരിയിൽ പറ്റിയ ഇടമാണ്. മെഗാ സീരിയലുകളിൽ വർഷങ്ങളോളം അഭിനയിക്കുമ്പോൾ ചിലപ്പോൾ വിരസത തോന്നാം. പക്ഷെ സിനിമയിൽ അങ്ങനെയല്ല. മികച്ച സംവിധായകർക്കെപ്പവും സൂപ്പർ താരങ്ങൾക്കൊപ്പവും മാസത്തിൽ നാലോ അഞ്ചോ വേഷങ്ങൾ ചെയ്യാമെന്നാണ് താരം പറയുന്നത്.

നെയ്ത്തുകാരനിലെ ഗീത എന്ന കഥാപാത്രമാണ് അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടം. സംവിധായകൻ പ്രിയനന്ദനും മുരളി സാറും ഞാനുമൊക്കെ അത്ര സ്‌ട്രെയിൻ എടുത്ത സിനിമയാണത്. ആദ്യ ടേക്കിൽ തന്നെ എല്ലാം ഓക്കെയായി വന്നു എന്ന് നമുക്ക് തോന്നും. പക്ഷെ മനസിൽ കണ്ട ഷോട്ട് കിട്ടുന്നത് വരെ പ്രിയനന്ദൻ റീടേക്ക് എടുക്കും. പെർഫെക്ട് ആകാതെ കട്ട് പറയില്ല. അതിന് ഫലവുമുണ്ടായി. മുരളി സാറിന് ദേശീയ അവാർഡും എനിക്കും പ്രിയനന്ദനും സംസ്ഥാന അവാർഡും ആ സിനിമയ്ക്ക് കിട്ടി.

നരനിലെ കുന്നുമ്മൽ ശാന്തയെയും മറക്കാനാകില്ല. അത്ര ഉജ്ജ്വലമായ കഥാപാത്രമായിട്ടും കുന്നുമ്മൽ ശാന്തയാകാൻ ആദ്യം മടിയായിരുന്നു. പക്ഷെ സംവിധായകൻ ജോഷി സാറിന്റെ സിനിമയാണെന്ന വിശ്വാസമാണ് യെസ് പറയാൻ കാരണം. പിന്നെ ലാലേട്ടനൊപ്പമാണ് മിക്ക സീനുകളും. ആളുകളുടെ മനസിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് കുന്നുമ്മൽ ശാന്തയുണ്ട്.