ഉത്രയെകൊന്നത് താൻ തന്നെയാണെന്ന് പൊട്ടിക്കരഞ്ഞ് സമ്മതിച്ച് സൂരജ്

കൊല്ലം അഞ്ചലില്‍ ഉത്ര എന്ന യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ പരസ്യമായി കുറ്റം സമ്മതിച്ച്‌ പ്രതി സൂരജ്. ഉത്രയെ കൊന്നത് താനെന്ന് സൂരജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അടൂരില വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കുറ്റസമ്മതം.

മുഖ്യ പ്രതികളായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും കല്ലുവാതുക്കല്‍ സ്വദേശി പാമ്ബ് സുരേഷിനെയും വനം വകുപ്പ് തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. നേരത്തെ ഒരാഴ്ച പുനലൂര്‍ കോടതി തെളിവെടുപ്പിന് ഫോറസ്റ്റ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നീട് മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇവരെ ഫോറസ്റ്റ് അധികൃതര്‍ ജയിലിലെത്തി കസ്റ്രഡിയിലെടുക്കുകയായിരുന്നു.

ഉത്ര വധക്കേസിലെ രണ്ടാം പ്രതിയായ സുരേഷിനെ മാപ്പ് സാക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പ്രതികളെ വനംവകുപ്പ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ സൂരജിന്റെ അമ്മയേയും സഹോദരിയേയും ജില്ലാ ക്രൈംബ്രാ‍ഞ്ച് വീണ്ടും ചോദ്യം ചെയ്യും

മാപ്പ് സാക്ഷിയാക്കണമെന്ന് അഭ്യര്‍ഥിച്ച്‌ ജയില്‍ അധികൃതര്‍ മുഖേന ഈ മാസം ആദ്യമാണ് സുരേഷ് കൊല്ലം പുനലൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. അപേക്ഷ പരിഗണിച്ച കോടതി പ്രതിക്ക് പുനര്‍വിചിന്തനത്തിന് രണ്ടു ദിവസം കൂടി അനുവദിച്ചു. നാളെ കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ സുരേഷിന്റെ നിലപാടില്‍ മാറ്റമില്ലെങ്കില്‍ മാപ്പുസാക്ഷിയാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും.

ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്ന് ചോദ്യം ചെയ്യലില്‍ സൂരജ് നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. സ്വര്‍ണത്തിനും പണത്തിനുമായി മാനസികമായും ശാരീരമായും പീഡിപ്പിച്ചിരുന്നു. ഉത്രയുടെ വീട്ടുകാര്‍ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നല്‍കിയിരുന്നു.ഉത്ര കൊലപാതക കേസില്‍ മാര്‍ച്ച്‌ 24 ന് ആണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്.