സ്വപ്ന നിരന്തരം ഫോണില്‍ വിളിച്ചതോടെ ഒരു പോക്കങ്ങ് പോയി; അബദ്ധമായിപ്പോയെന്ന് സ്പീക്കര്‍

തിരുവനന്തപുരം : സ്വപ്നയുടെ നിര്‍ബന്ധത്തിന് വഴങ്ങി നെടുമങ്ങാട്ട് കാര്‍ബണ്‍ എന്നൊരു കട ഉദ്ഘാടനം ചെയ്യാന്‍ പോയി എന്നതു മാത്രമാണ് തനിക്ക് പറ്റിയ അബദ്ധമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്പീക്കര്‍ ഇക്കാര്യം പറയുന്നത്. വിദേശത്തെ യാത്രകളില്‍ തന്നോടൊപ്പം ഒരിക്കല്‍പോലും സ്വപ്ന സുരേഷ് ഉണ്ടായിരുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

യു.എ.ഇ. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥ എന്ന നിലയിലുള്ള പരിചയവും സൗഹൃദവും മാത്രമാണ് അവരുമായി ഉണ്ടായിരുന്നത്. ഒരു യാത്രയിലും അവര്‍ ഉണ്ടായിരുന്നില്ല. ഔദ്യോഗിക യാത്രകളില്‍ പോലും ഉണ്ടായിരുന്നില്ല. വിദേശത്ത് ഞാന്‍ പങ്കെടുത്ത ഔദ്യോഗിക പരിപാടികളിലും സ്വപ്ന പങ്കെടുത്തിട്ടില്ല. മറ്റ് ചടങ്ങുകളിലും ഉണ്ടായിരുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം തനിക്ക് പറ്റിയ ഒരേ ഒരു അബദ്ധം അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി നെടുമങ്ങാട്ട് കാര്‍ബണ്‍ എന്നൊരു കട ഉദ്ഘാടനം ചെയ്യാന്‍ പോയി എന്നതു മാത്രമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഇപ്പോള്‍ സ്വര്‍ണക്കടത്ത് വിവാദത്തില്‍പ്പെട്ട സന്ദീപ് നായരുമായി പരിചയമുണ്ടായിരുന്നില്ല. അയാള്‍ക്ക് അത്തരം പരിപാടികള്‍ ഉണ്ടെന്ന് അറിഞ്ഞതുമില്ല. ആ കട ഉദ്ഘാടനം ചെയ്തതിന്റെ പേരിലാണ് ഇപ്പോള്‍ തനിക്ക് നേരെ ആക്ഷേപങ്ങള്‍ ഉയരുന്നത്. മൂന്നുതവണ ആ പരിപാടിയില്‍നിന്ന് ഒഴിഞ്ഞുമാറിയതാണ്. എന്നാല്‍ നിരന്തരമുള്ള സ്വപ്നയുടെ ഫോണ്‍വിളികളെത്തുടര്‍ന്നാണ് നിയമസഭ പിരിഞ്ഞശേഷം ആ പരിപാടിക്ക് പോയത്. ഒരു നയതന്ത്ര ഓഫീസിലെ ഉദ്യോഗസ്ഥ എന്ന നിലയിലാണ് അവരുടെ ഫോണ്‍വിളികളെ കണ്ടത്. അതേസമയം കടയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അന്വേഷിക്കാതിരുന്നത് വീഴ്ചയായിപ്പോയി എന്നും സ്പീക്കര്‍ പറഞ്ഞു.