മാര്‍പ്പാപ്പയെ നേരില്‍ കാണണം; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വത്തിക്കാനിലേക്ക് കത്തയച്ചു

Sr Luicy Kalappurackal

മാര്‍പ്പാപ്പയെ നേരില്‍കാണാന്‍ അനുമതി തേടി‌ സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ വത്തിക്കാനിലേക്ക്‌ കത്തയച്ചു. നേരില്‍ കണ്ട് വീശദികരണം നല്‍കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. എഫ്‌ സി സി സന്യാസ സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുരക്കല്‍ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയതിനു പിന്നാലെയാണു കത്ത്‌.

ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിനെതിരെ സംസാരിച്ചതിനു താന്‍ പ്രതികാര നടപടികള്‍ നേരിടുകയാണ്. പരാതി തള്ളിയതുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച വിശദികരണക്കുറിപ്പില്‍ ചില ഭാഗങ്ങള്‍ ലാറ്റിന്‍ ഭാഷയില്‍ ആയതിനാല്‍ പരിഭാഷയും ആവശ്യപ്പെട്ടിട്ടുണ്ട്. സഭക്കെതിരെ നല്‍കിയ ക്രിമിനല്‍ കേസ്സടക്കം പിന്‍വലിക്കണമെന്ന ആന്ത്യശാസനം നിലനില്‍ക്കേയാണ് സിസ്റ്റര്‍ ലൂസി പോപ്പിനെ നേരില്‍ കാണാന്‍ അഭ്യര്‍ത്ഥിക്കുന്നത്‌. സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടിലെന്നും നേരില്‍ വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ടാണ് കത്ത്‌.

കന്യസ്ത്രീ മഠത്തില്‍ പൂട്ടിയിട്ടതിനെതിരെ സിസ്റ്റര്‍ ലൂസി മഠാധികാരികള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിച്ച്‌ മാപ്പ്‌ പറയാന്‍ എഫ്‌ സി സി ആവശ്യപ്പെട്ടിരുന്നെങ്കിലും പരാതികള്‍ പിന്‍വലിക്കില്ലെന്നും മഠത്തില്‍ തുടരുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞിരുന്നു.
പ്രശ്നത്തില്‍ പോപ്പിന്‍റെ നേരിട്ടുള്ള ഇടപെടല്‍ ആവശ്യപ്പെട്ടതോടെ സഭയും ലൂസി കളപ്പുരക്കലും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണു.