ഞങ്ങളുടെ മാലാഖ മിൻസാര, മകളുടെ മാമോദിസ വിശേഷങ്ങളുമായി ശ്രീലയ

സിനിമ കുടുംബത്തിൽ നിന്നുമാണ് ശ്രീലയ അഭിനയത്തിലേക്ക് എത്തിയിരുന്നത്. നടി ലിസിയുടെ മകളും നടി ശ്രുതി ലക്ഷമിയുടെ സഹോദരിയുമാണ് ശ്രീലയ. സീരിയലിൽ സജീവമായ ശ്രീലയ അഭിനയ ജീവിതം തുടങ്ങിയത് സിനിമയിലുടെയായിരുന്നു. കുട്ടിയും കോലും എന്ന സിനിമയിലാണ് നടി ആദ്യം അഭിനയിച്ചത്. പിന്നീട് പല സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയിലിൽ സജീവമാവുകയായിരുന്നു. അടുത്തിടെയാണ് ശ്രീലയ പെൺകുഞ്ഞിന് ജന്മം നൽകിയത്.

മകൾ പിറന്നുവെന്ന് അറിയിച്ചതല്ലാതെ താരകുടുംബം മകളുടെ ചിത്രങ്ങളൊ‌ന്നും പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ മകളുടെ മാമോദീസ ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ച് മകളുടെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ‘മിൻസാരയെന്നാണ് ഞങ്ങളുടെ മാലാഖയ്ക്ക് പേരിട്ടത്’ എന്നാണ് കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ശ്രുതി ലക്ഷ്മി കുറിച്ചത്. ഒപ്പം മാമോദീസ ചടങ്ങിന്റെ ദൃശ്യങ്ങളും കുടുംബ ചിത്രങ്ങളുമെല്ലാം ശ്രുതി ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. ‘എല്ലാം ദൈവാനുഗ്രഹമാണ്… അമ്മയും അച്ഛനും ആവുകയെന്നത് വലിയൊരു അനുഗ്രഹമാണ്’ എന്നാണ് കുഞ്ഞ് പിറക്കാൻ പോകുന്നതിനെ കുറിച്ച് മുമ്പ് ശ്രീലയ പറഞ്ഞത്. ബേബി ഷവർ ആഘോഷമാക്കിയതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

മഴവിൽ മനോരമയിലെ ഭാഗ്യദേവത എന്ന സീരിയലിലുടെയാണ് ശ്രീലയ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നാലെ കൺമണി, മൂന്നുമണി എന്നീ സീരിയലുകളിലും നായികയായി ശ്രീലയ അഭിനയിച്ചു. ശ്രുതി ലക്ഷ്മിയുടെ ഏക സഹോദരിയാണ് ശ്രീലയ. 2017ലാണ് താരം ആദ്യമായി വിവാഹിതയായത്. ബഹ്റനിൽ സ്ഥിര താമസമാക്കിയ റോബിനാണ് ശ്രീലയയുടെ ഭർത്താവ്.