അവിടെ അവാർഡ് ഇവിടെ കൂലിപ്പണി, അശോകൻ തിരക്കിലാണ്

ഇത് അശോകൻ. ഇന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ മുതലാണ്. അവാർഡ് പ്രഖ്യാപനമോ അവാർഡോ ഒന്നും അശോകന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. ജീവിക്കണം. മക്കളെ പട്ടിണിയില്ലാതെ വളർത്തണം. അതിനായി പെയിന്റടിയാണ് ഇപ്പോൾ ചെയ്യുന്ന ജോലി.

മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം അശോകനെ തേടിയെത്തുന്നത് ഇന്നത്തെ പെയിന്റടിക്കിടയിലാണ്. കോവിഡ് കാലത്ത് സിനിമകളോ മറ്റ് ജോലിയോ ഇല്ലാതായതോടെയാണ് പെയിന്റിങ് ജോലിക്ക് ഇറങ്ങിപ്പുറപ്പെട്ടത്. ഇന്ന് ‘അശോകന്‍ ആലപ്പുഴ’ ജീവിക്കുന്നത് പെയിന്റടിച്ചാണ്. സംസ്ഥാന പുരസ്കാരം ലഭിച്ചെന്ന് അറിഞ്ഞിട്ടും ഇന്നത്തെ കൂലിപ്പണി പൂര്‍ത്തിയായ ശേഷം മാത്രമാണ് അശോകന്‍ വീട്ടിലേക്ക് മടങ്ങിയത്.

സംസ്ഥാന സർക്കാർ ഇന്ന് നടത്തുന്ന അവാര്‍ഡ് പ്രഖ്യാപനം അശോകന്‍ അറിഞ്ഞില്ലായിരുന്നു. പണിക്ക് പോയപ്പോള്‍ ഫോണും എടുത്തിട്ടില്ലായിരുന്നു. നിരന്തരം വിളി വന്നപ്പോഴാണ് മകന്‍ ഫോണുമായി പണിസ്ഥലത്തേക്ക് എത്തിയത്. ഒന്നിനുപുറകെ ഒന്നായി അഭിനന്ദനങ്ങള്‍ വരുമ്പോഴും മോടി കൂട്ടുന്നൊരു വീടിന്റെ തറയില്‍ പെയിന്റടിക്കുന്ന തിരക്കിലായിരുന്നു അശോകന്‍.

പതിനേഴാം വയസിലാണ് അശോകനൻ തയ്യൽ പണിയിൽ തന്റെ പ്രാ​ഗത്ഭ്യം തെളിയിച്ചത്. പറവൂരിലെ നിത ടെയ്ലറിം​ഗ് ഷോപ്പില്‍നിന്ന് പതിയെ സിനിമയിലേക്ക് എത്തപ്പെട്ടു. ഇരുനൂറോളം സിനിമാസെറ്റുകളില്‍ താരങ്ങളുടെ അളവെടുത്ത് ഉടുതുണി തുന്നി. പന്ത്രണ്ടു സിനിമകളില്‍ സ്വതന്ത്ര വസ്ത്രാലങ്കാരം ഒരുക്കി. വയനാട് പശ്ചാത്തലമായ കെഞ്ചിറയിലെ വേഷവിധാനത്തിനാണ് അശോകനെ തേടി പുരസ്കാരംമെത്തിയത്.