പുതിയ പയ്യന് പറ്റിയ ഒരു അബദ്ധമാണ്, യേശുദാസിന് പിറന്നാള്‍ ആശംസിച്ച സംഭവത്തില്‍ സുബി

കഴിഞ്ഞ ദിവസമാണ് ഗായകന്‍ കെ ജെ യേശുദാസ് ഗാനാലപനത്തിന്റെ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഈ ദിവസം അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നായിരുന്നു നടിയും അവതാരകയുമായ സുബി സുരേഷ് രംഗത്ത് എത്തിയത്. ഇതോടെ വലിയ ട്രോളുകളാണ് സുബിക്ക് നേരിടേണ്ടി വന്നത്. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി സുബി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ പേജ് മാനേജ് ചെയ്യുന്ന പയ്യന് പറ്റിയ അബന്ധമാണ്. തെറ്റു പറ്റിയതാണെന്നും അതില്‍ ഖേദിക്കുന്നുവെന്നും സുബി വ്യക്തമാക്കി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സുബി ഇക്കാര്യം പറഞ്ഞത്.

സുബിയുടെ വാക്കുകള്‍ ഇങ്ങനെ, ‘കഴിഞ്ഞ ദിവസം നമ്മുടെ പേജില്‍ ‘ദാസേട്ടന് പിറന്നാളാശംസകള്‍’ എന്ന പോസ്റ്റ് നമ്മുടെ പേജ് മാനേജ് ചെയ്യുന്ന പുതിയ പയ്യന് പറ്റിയ ഒരു അബദ്ധമാണ്. ‘ദാസേട്ടന് ആശംസകള്‍’ എന്നതിനു പകരം പിറന്നാളാശംസകള്‍ എന്നു തെറ്റി പോസ്റ്റിടുകയാണുണ്ടായത്. തെറ്റ് തെറ്റു തന്നെയാണ്. അതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. അതോടൊപ്പം ട്രോളന്മാര്‍ക്ക് നന്ദി’.

കഴിഞ്ഞ ദിവസമാണ് യേശുദാസ് തന്റെ കരിയറില്‍ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. രാഷ്ട്രീയ സിനിമ മേഖലയില്‍ നിന്നുള്ളവര്‍ അദ്ദേഹത്തിന് ആശംസയറിയിച്ച് എത്തിയിരുന്നു. ‘ദാസേട്ടന് പിറന്നാളാശംസകള്‍’ എന്നു കുറിച്ച് യേശുദാസിന്റെ ചിത്രം സുബി സാമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. പിന്നാലെ താരത്തിനെതിരെ വന്‍ കമന്റുകളും ട്രോളുകളുമാണ് ഉയര്‍ന്നു വന്നത്. പിന്നീട് പോസ്റ്റ് ഡീലീറ്റ് ചെയ്യുകയായിരുന്നു.