അയോധ്യയില്‍ ശ്രീരാമ വിഗ്രഹത്തില്‍ പ്രകാശം പരത്തി ‘സൂര്യതിലകം’, 58 മില്ലിമീറ്റര്‍ വലിപ്പമുള്ള സൂര്യതിലകം നീണ്ട് നിന്നത് രണ്ട് മുതൽ രണ്ടര മിനിറ്റ് വരെ

രാമനവമി ദിനത്തില്‍ സൂര്യതിലകം അണിഞ്ഞ് അയോധ്യയിലെ ശ്രീരാമവിഗ്രഹം. ഉച്ചസൂര്യന്റെ രശ്മികള്‍ രാം ലല്ല വിഗ്രഹത്തിന്റെ നെറ്റിയില്‍ പതിക്കും വിധം കണ്ണാടികളും ലെന്‍സുകളും സവിശേഷരീതിയില്‍ സജ്ജീകരിച്ചതാണ് തിലകം സാധ്യമാക്കിയത്. ഉച്ചയ്ക്ക് 12.16 മുതലാണ്‌ സൂര്യതിലകം നടന്നത്. 58 മില്ലിമീറ്റര്‍ വലിപ്പുമുള്ള സൂര്യതിലകം ഏകദേശം രണ്ട് മുതല്‍ രണ്ടര മിനിറ്റ് വരെ നീണ്ടുനിന്നു. കണ്ണാടി ക്രമീകരണത്തിനായി ശാസ്ത്രസംഘവും ഉണ്ടായിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാംലല്ല വിഗ്രഹം ക്ഷേത്രത്തിലുള്ളതിനാല്‍ ഈ രാമനവമിക്ക് ഏറെ പ്രത്യേകതയുണ്ട്. ‘പ്രാണ പ്രതിഷ്ഠ’യ്ക്ക് ശേഷം പുതുതായി നിര്‍മ്മിച്ച അയോധ്യ രാമക്ഷേത്രത്തില്‍ ആദ്യമായാണ് രാമനവമി ആഘോഷിക്കുന്നത്. ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമാണ് ആഘോഷങ്ങള്‍ നടക്കുന്നത്. സൂര്യാഭിഷേക ചടങ്ങായതിനാല്‍ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു. എല്ലാ വര്‍ഷവും രാമനവമി ദിനത്തില്‍ ഈ പ്രതിഭാസം ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.