അടിമുടി തട്ടിപ്പ്, സ്വപ്‌ന സുരേഷിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജം

തിരുവനന്തപുരം: കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി എന്ന് കരുതുന്ന സ്വപ്‌ന സുരേഷിനെ അഞ്ചാം ദിവസവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ സ്വപ്‌നയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നാണ് പുറത്തെത്തുന്ന വിവരം. മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയാണ് ഇത് സ്ഥിരീകരിച്ചത്.

എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ഉള്‍പ്പെടെ ജോലിക്കായ് സ്വപ്‌ന സമര്‍പ്പിച്ചിരുന്നത് ബികോം സര്‍ട്ടിഫിക്കറ്റ് ആണ് വ്യാജമെന്ന് സര്‍വകലാശാല വ്യക്തമാക്കിയിരിക്കുന്നത്. എയര്‍ ഇന്ത്യ സാറ്റ്‌സുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പിടിച്ചെടുത്തതാണ് ഈ സര്‍ട്ടിഫിക്കറ്റ്. ഇതേ ബിരുദമാണു യോഗ്യതയായി കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും സ്വപ്‌ന സമര്‍പ്പിച്ചിരുന്നത്.

സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നറിയിച്ച് മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാല അധികൃതര്‍ ഒരു മാധ്യമത്തിന് അയച്ച ഇമെയിലില്‍ വ്യക്തമാക്കുന്നു. സര്‍ട്ടിഫിക്കറ്റിലുള്ള ഒപ്പും സീലും വ്യാജമാണ്. സുരക്ഷാ മുദ്രകള്‍ ഒന്നും സര്‍ട്ടിഫിക്കറ്റില്‍ ഇല്ല. സ്വപ്‌ന ഈ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി ആയിരുന്നില്ലെന്നും സര്‍വകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്‌സ് തന്നെ ഇല്ലെന്നും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഡോ. വിവേക് എസ് സാഥെ വ്യക്തമാക്കി.

സ്വപ്നയുടെ പശ്ചാത്തലത്തെക്കുറിച്ച് ഇടനിലക്കാരായ ഏജന്‍സി വ്യക്തമായ അന്വേഷണം നടത്തിയിരുന്നുവെന്നു പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്വപ്‌നയുടെ ബിരുദം വ്യാജമാണെന്ന് വ്യക്തമാകുന്നത്. മാത്രമല്ല സ്വപ്‌ന പത്താംക്ലാസ് പാസ്സായിട്ടുണ്ടോ എന്ന് സംശയമാണെന്ന് സഹോദരന്‍ പറഞ്ഞിരുന്നു.