ഷഹലയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് കുട്ടിയുടെ പിതാവ് എത്തിയത്: ഷജില്‍

വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ഥിനി ഷഹല ഷെറിന്‍ മരിച്ച സംഭവത്തില്‍ അധ്യാപകര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹെഡ്മാസ്റ്റര്‍ കെ കെ മോഹനന്‍, അധ്യാപകനായ ഷജില്‍ എന്നിവരാണ് ബുധനാഴ്ച മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ ഇവര്‍ ഒളിവിലാണ്.

ഷഹലയുടെ മരണത്തില്‍ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. പാമ്ബുകടിയേറ്റ ഷഹലയ്ക്ക് അടിയന്തരമായി ചികിത്സ ഉറപ്പുവരുത്തുന്നതില്‍ ഇവരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടെന്ന് ആയിരുന്നു പ്രാഥമികമായ കണ്ടെത്തല്‍. ഇതിനെത്തുടര്‍ന്ന് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും ബാലനീതി വകുപ്പിലെ 75ാം വകുപ്പ് പ്രകാരവുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ രണ്ടാമത്തേത് ജാമ്യം ലഭിക്കാത്ത വകുപ്പാണ്. നേരത്തെ, ഡോക്ടറേയും അധ്യാപകരെയും സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു.

നവംബര്‍ 20നാണ് സര്‍വജന സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷഹ് ലയ്ക്ക് ക്ലാസ്മുറിയില്‍ വച്ച്‌ പാമ്ബുകടിയേറ്റത്. കുട്ടിക്ക് പാമ്ബുകടിയേറ്റ സമയത്ത് താന്‍ സ്റ്റാഫ് റൂമില്‍ ആയിരുന്നു എന്നും സംഭവമറിഞ്ഞാണ് ക്ലാസ് റൂമില്‍ എത്തയതെന്നും ഷജില്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

താന്‍ ക്ലാസ് മുറി പരിശോധിച്ചു. എന്നാല്‍ പാമ്ബിനെ കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തിന് പിന്നാലെ കുട്ടികള്‍ കൂട്ടംകൂടി. ഇവരോട് ക്ലാസില്‍ പോകാന്‍ ആവശ്യപ്പെട്ടത് രംഗം ശാന്തമാകട്ടെ എന്നു കരുതിയാണ്. ഷഹലയ്ക്ക് ശുദ്ധവായു കിട്ടാനുംകൂടിയാണ് അങ്ങനെ പറഞ്ഞതെന്നും ഷജില്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.