‘നന്ദി മുഖ്യമന്ത്രി, ഞാൻ ജീവനോടെ വിമാനത്താവളത്തിലെത്തി’; പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ രോഷം മറച്ചുവെക്കാതെ പ്രധാനമന്ത്രി

പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ രോഷം പ്രകടിപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ച മോദി, ജീവനോടെ തിരികെ എത്തിയതിന് മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കണമെന്ന് പറഞ്ഞു. ഭട്ടിന്‍ഡ വിമാനത്താവളത്തില്‍ തിരികെ എത്തിയപ്പോഴാണ് മോദി ഇങ്ങനെ പറഞ്ഞത്. ”നന്ദി മുഖ്യമന്ത്രി. ഞാന്‍ ഭാട്ടിന്‍ഡ വിമാനത്താവളത്തില്‍ ജീവനോടെ തിരിച്ചെത്തി”- അദ്ദേഹം വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണ പരിപാടികൾക്കെത്തിയതായിരുന്നു പ്രധാനമന്ത്രി. ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റര്‍ അകലെ വച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്ന റോഡില്‍ പ്രതിഷേധക്കാര്‍ തടസമുണ്ടാക്കുകയായിരുന്നു. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 15 മുതൽ 20 മിനിറ്റ് വരെ ഒരു ഫ്ലൈ ഓവറിൽ കുടുങ്ങി.

വൻസുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പഞ്ചാബ് സ‍ർക്കാർ മനഃപൂർവം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയുടെ ആരോപണം. എന്നാൽ ഹെലികോപ്റ്റർ മാർഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാനനിമിഷം റോഡ് മാർഗം യാത്ര ചെയ്യാൻ തീരുമാനിച്ചതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വിശദീകരിക്കുന്നു.

പ്രോട്ടോക്കോള്‍ അനുസരിച്ച് യാത്രാവിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആവശ്യമായ നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നുമാണ് ആരോപണം. പഞ്ചാബ് സര്‍ക്കാരിനോട് യാത്രാ വിവരം പങ്കുവച്ചിട്ടും സുരക്ഷയൊരുക്കാന്‍ സാധിച്ചില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്. പഞ്ചാബ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമാണ് ആഭ്യന്തര മന്ത്രാലയം ഉയര്‍ത്തിയിരിക്കുന്നത്.

ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോവുന്നതിനിടയിലാണ് സുരക്ഷാ വീഴ്ച. കനത്ത മഴ മൂലം ഹെലികോപ്റ്റര്‍ യാത്ര ഉപേക്ഷിച്ച് കാറില്‍ പോവുമ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ബതിന്ദയില്‍ ഇറങ്ങിയ ശേഷം ഇരുപത് മിനിറ്റോളം കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നതിന് വേണ്ടി കാത്തിരുന്ന ശേഷമാണ് യാത്ര കാറിലാക്കാന്‍ തീരുമാനിച്ചത്.