ഇടതിനും വലതിനും തലവേദനയായി മാറി ചിന്തിക്കുന്ന ക്രിസ്ത്യൻ സമൂഹം

കേരളത്തില്‍ ബിജെപിക്ക് പിന്തുണ നല്‍കേണ്ടതിന്റെ അനിവാര്യത ക്രൈസ്തവ സമൂഹം മനസ്സിലാക്കുന്നുണ്ട്. അത് ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പിലും വരാന്‍ പോകുന്ന കാലഘട്ടത്തിലും പ്രതിഫലിക്കും. ക്രിസ്ത്യന്‍ സമൂഹം എന്നും ശക്തമായ രാഷ്ട്രീയ സാമൂഹിക നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളവരാണ്. കേരളത്തില്‍, അമ്പതുകളിലെ വിമോചന സമരം മുതല്‍ ഇങ്ങോട്ട് ഇപ്പോള്‍ ഏറ്റവും ഒടുവില്‍ കേരള സ്റ്റോറി എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നത് വരെ ഏറ്റവും ധീരമായ നിലപാടുകള്‍ കൈ കൊണ്ടിട്ടുള്ള സമൂഹമാണ് ക്രിസ്ത്യൻ സമൂഹം.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭാരതത്തിലെ ക്രിസ്ത്യന്‍ സമൂഹം ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. അവർ രാഷ്ട്രീയമായി മാറി ചിന്തിക്കുകയാണ്. ഭാരതത്തിലെ ഒരു ചെറിയ ന്യൂനപക്ഷമാണെങ്കിലും എന്നാൽ ഭാരതത്തിലെ ഒട്ടു മിക്ക കോണുകളിലും, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി നിരവധി മേഖലകളിലും ക്രിസ്ത്യന്‍ സമൂഹത്തിന് വലിയ സ്വാധീനമുണ്ട്. 60 വര്‍ഷക്കാലം വെറും വോട്ട് ബാങ്കായി മാത്രം തങ്ങളെ കണ്ടുകൊണ്ടിരുന്ന ഒരു രാഷ്ട്രീയം ഭാരതത്തില്‍ നിലനിന്നിരുന്നു എന്ന തിരിച്ചറിവ് ഇപ്പോള്‍ ക്രൈസ്തവ സമൂഹത്തിനുണ്ട്.

അതിന്റെ ഏറ്റവും വലിയ ഉദാഹരണം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുണ്ടായ രാഷ്ട്രീയ മാറ്റമാണ്. 80 ശതമാനത്തിന് മുകളില്‍ ക്രൈസ്തവരുള്ള നാഗാലാന്‍ഡ്, മിസോറാം, മേഘാലയ മുതലായ സംസ്ഥാനങ്ങള്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ്സിനോ അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് പങ്കാളികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഒപ്പമായിരുന്നു. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ബിജെപി നയിക്കുന്ന സഖ്യം ഈ പറഞ്ഞ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി അധികാരത്തില്‍ വന്നു. നാഗാലാന്‍ഡില്‍ ഉപമുഖ്യമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്റും ക്രൈസ്തവ സമൂഹത്തില്‍ നിന്നുള്ളവരാണ്. മിസോറാമിലെ ബിജെപി ഓഫീസിനുള്ളില്‍ ഒരു ക്രിസ്ത്യന്‍ ചാപ്പല്‍ കൂടിയുള്ളത് ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്.

ഇന്ന് ഭാരതത്തില്‍ ഏറ്റവും അധികം ക്രിസ്ത്യന്‍ എംഎല്‍എമാരുള്ള രാഷ്ട്രീയ പാര്‍ട്ടി ഭാരതീയ ജനത പാര്‍ട്ടിയാണ്. വര്‍ഷങ്ങളായി ഗോവയിലും ബിജെപി അധികാരത്തില്‍ വരുന്നത് നിരവധി ക്രിസ്ത്യന്‍ എംഎല്‍എമാരുമായിട്ടാണ്. ഇപ്പോള്‍ കേരളത്തിലെ ക്രൈസ്തവ സമൂഹവും രാഷ്ട്രീയമായി മാറി ചിന്തിക്കുകയാണ്.

കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് ഭാരതത്തിലുണ്ടായ വലിയ വികസനം കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തിനിടയിലും പ്രകീര്‍ത്തിക്കപ്പെടുന്ന ഒന്നാണ്. ഭാരതത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച്, പാവപ്പെട്ടവരെ ദാരിദ്ര്യരേഖയില്‍ നിന്ന് പുറത്തു കൊണ്ടുവന്ന്, ഭാരതത്തെ ലോകത്തിലെ മൂന്നാം വലിയ സാമ്പത്തിക ശക്തിയായി വളര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന അക്ഷീണ പ്രയത്‌നവും അദ്ദേഹത്തിന്റെ കറപുരളാത്ത വ്യക്തിത്വവും ക്രൈസ്തവര്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമാണ്. . പ്രധാനമന്ത്രി തന്റെ വസതിയില്‍ നടത്തിയ ക്രിസ്തുമസ് വിരുന്നും, ഈസ്റ്ററിന് ദല്‍ഹിയിലെ കത്തീഡ്രലില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതും പ്രതീക്ഷയോടെയാണ് കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം കണ്ടത്. പ്രധാനമന്ത്രി മോദി വത്തിക്കാനില്‍ പോയി വിശുദ്ധ മാര്‍പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ചു. കഴിഞ്ഞ 75 വര്‍ഷത്തില്‍ രണ്ടാം തവണയാണ് മാര്‍പാപ്പ ഭാരതത്തിലേക്ക് വരാന്‍ പോകുന്നത്.

ശ്രീലങ്കയില്‍ തീവ്രവാദി ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട സെന്റ് ആന്റണീസ് ദേവാലയം ആദ്യമായി സന്ദര്‍ശിച്ച ലോക നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 30 വര്‍ഷമായി തീവ്രവാദ ഭീഷണി കാരണം അടഞ്ഞു കിടന്ന കശ്മീരിലെ ദേവാലയവും ദല്‍ഹിയിലെ 150 വര്‍ഷം പഴക്കമുള്ള പള്ളിയും ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങള്‍ നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

അര്‍മേനിയന്‍ വംശഹത്യ നടത്താന്‍ അസര്‍ബൈജാന്‍ മുതിര്‍ന്നപ്പോള്‍, ലോകത്തിലെ ആദ്യ ക്രൈസ്തവ രാജ്യമായ അര്‍മേനിയയ്‌ക്കൊപ്പം നില്‍ക്കുക മാത്രമല്ല അവര്‍ക്ക് വേണ്ട ആയുധവും മറ്റ് നിത്യോപയോഗ സാധനങ്ങളും എത്തിച്ചുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഇറാഖിലെ ഐഎസ് സംഘര്‍ഷ മേഖലകളില്‍ നിന്ന് ആളുകളെ, പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള നേഴ്‌സുമാരെ സുരക്ഷിതരായി നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എല്ലാവര്‍ക്കുമോര്‍മയുണ്ട്. അതെ പോലെ, ഫാദര്‍ ടോം ഉഴുന്നാലിലിനെയും ഫാദര്‍ അലക്‌സിസ് പ്രേമിനെയും തീവ്രവാദികളുടെ തടങ്കലില്‍ നിന്നും രക്ഷിച്ച് സുരക്ഷിതമായി നാട്ടിലെത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി ഒട്ടനവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ടുമുണ്ട്. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, മെറിറ്റ് കം മീന്‍സ് ബേസ്ഡ് സ്‌കോളര്‍ഷിപ്പുകള്‍, സ്ത്രീകള്‍ക്കായുള്ള നയി റോഷ്‌നി പദ്ധതി, സീക്കോ ഓര്‍ കമാവോ പദ്ധതി, നയാ സവേര പദ്ധതി, ഹമാരി ധരോഹര്‍ പദ്ധതി എന്നിങ്ങനെ ഒട്ടനവധി പദ്ധതികളിലായി കോടിക്കണക്കിന് രൂപയുടെ ആനുകൂല്യമാണ് ക്രിസ്ത്യന്‍ സമൂഹത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം അനുവദിച്ചത്.

ഭാരതത്തിന്റെ അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിച്ച ക്രൈസ്തവര്‍ക്ക് പൗരത്വം കൊടുത്തു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നിയമമാണ് പൗരത്വ ഭേദഗതി നിയമം അഥവാ സി.എ.എ. മറ്റാരെയും ദ്രോഹിക്കാതെ ക്രൈസ്തവര്‍ക്ക് ഗുണം ചെയ്യുന്ന ഈ നടപടിയെ എതിര്‍ക്കാനാണ് മറ്റുള്ള പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.

നരേന്ദ്രമോദി സര്‍ക്കാരിനൊപ്പം ബിജെപിയും ഒത്തുചേര്‍ന്ന് കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളായ ലൗ ജിഹാദിനെയും തീവ്രവാദത്തെയും എതിര്‍ക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരുന്നു. അതിന്റെ ഭാഗമായി ലൗ ജിഹാദ് ഏറ്റവും കൂടുതല്‍ നടത്തിയിരുന്ന, ‘അവലും മലരും കുന്തിരിക്കവും’ എന്ന വെല്ലുവിളി നടത്തിയ, ജോസഫ് മാഷിന്റെ കൈവെട്ടിയ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചു. കല്ലറങ്ങാട്ട് പിതാവിനെതിരെ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ പോര്‍വിളി നടത്തിയപ്പോഴും, ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയം നശിപ്പിച്ചാല്‍ എന്താണെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ചോദിച്ചപ്പോഴും, ഹമാസിന് അനുകൂല റാലികള്‍ ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നടത്തിയപ്പോഴും, കക്കുകളി ഉള്‍പ്പെടെയുള്ള പരിപാടികള്‍ കൊണ്ട് ക്രൈസ്തവരെ വൃണപ്പെടുത്തിയപ്പോഴും, മന്ത്രി സജി ചെറിയാന്‍ മതമേലധ്യക്ഷന്മാരെ അവഹേളിച്ചപ്പോഴുമെല്ലാം ബിജെപി എടുത്ത ശക്തമായ നിലപാടുകള്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ വലിയ മതിപ്പ് സൃഷ്ടിച്ചു. പൂഞ്ഞാര്‍ സെന്റ്‌മേരീസ് പള്ളി മൈതാനത്ത് നടന്ന ആക്രമണത്തിനെതിരെ ശബ്ദിക്കാനും ഇടതിനോ വലതിനോ കഴിയാത്ത സാഹചര്യത്തില്‍ ബിജെപി മാത്രമാണ് വിഷയത്തില്‍ ഇടപ്പെട്ടത്.

കേരളത്തില്‍ നിന്ന് ഐഎസ് പോലുള്ള സംഘനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന നിരവധി ചെറുപ്പക്കാരില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍, വലിയ വിഭാഗം ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നാണ്. കേരളത്തെ തീവ്രവാദത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് വിടുവിക്കാന്‍ ശക്തമായ ഒരു സര്‍ക്കാരിന് മാത്രമേ സാധിക്കൂ എന്നും, അത് ബിജെപിക്ക് മാത്രമേ നല്‍കാനാകൂ എന്നും ക്രൈസ്തവര്‍ തിരിച്ചറിയുന്നുണ്ട്. അതേപോലെ തന്നെ, ക്രൈസ്തവ സമൂഹം നേരിടുന്ന വലിയ പ്രതിസന്ധിയായ ജോലിക്ക് വേണ്ടിയുള്ള അന്യരാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന് പ്രതിവിധി കാണണമെങ്കിലും ഗുജറാത്ത് മോഡല്‍ വ്യവസായ വാണിജ്യ വികസനം കേരളത്തിലും വരണം.എന്തായാലും തെറ്റിദ്ധാരണ പരത്തുന്ന രാഷ്ട്രീയവുമായി രണ്ട് മുന്നണികളും ഒരുമിച്ചിറങ്ങിയിരിക്കുമ്പോൾ . പക്ഷേ, അതിന് ജനാധിപത്യ രീതിയില്‍ മറുപടി പറയുക കേരളത്തിലെ ക്രൈസ്തവ സമൂഹമായിരിക്കും.