തിരുവനന്തപുരത്ത് ലോട്ടറി സമ്മാനം ലഭിച്ച യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

തിരുവനന്തപുരം. ലോട്ടറിയടിച്ച വ്യക്തിയെ കേശവപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലോട്ടറി സമ്മാനം ലഭിച്ച ദിവസം മുതല്‍ യുവാവിനെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. നാഗരൂര്‍ കേശവപുരം സ്വദേശി രാജീവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസത്തിന് ശേഷമാണ് രാജീവിന്റെ മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്.

രാജീവിനെ കാണാതാകുന്നതിന് മുമ്പ് ഇയാള്‍ എടുത്ത ലോട്ടറിക്ക് ചെറിയ ഒരു തുക സമ്മാനം ലഭിച്ചിരുന്നു. ലോട്ടറി ടിക്കറ്റ് കടയില്‍ കൊടുത്ത ശേഷം ഇയാളെ കാണാതാകുകയായിരുന്നു. സ്ഥിരമായി ലോട്ടറി എടുക്കുന്ന വ്യക്തിയാണ് രാജീവ്. ഇയാള്‍ മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

അതേസമയം മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. രാജീവ് കിണറ്റിന്റെ കൈവരിയില്‍ ഇരിക്കുമ്പോള്‍ അറിയാതെ വീണതായിരിക്കാം എന്നാണ് നിഗമനം. അതേസമയം പോലാസ് സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണ്.