ബെസ്ററ് സോഷ്യൽ സർവീസ് വർക്കർ അവാർഡ് ഏറ്റു വാങ്ങാൻ ആവാതെ ടോണി യാത്രയായി

കാനഡയിൽ മരിച്ച ടോണി യാത്രയായത് തനിക്ക് ലഭിച്ച അവാർഡ് ഏറ്റുവാങ്ങാതെ. കാനഡയിലെ ഒഷാവയിൽ പ്രവർത്തിക്കുന്ന യൂത്ത് കണക്ഷൻസിലെ 2023 ലെ ബെസ്ററ് സോഷ്യൽ സർവീസ് വർക്കർ അവാർഡിന് താൻ അർഹനായ വിവരം കേൾക്കാൻ ടോണി മുണ്ടക്കൽ ഉണ്ടായിരുന്നില്ല. യൂത്ത് കണക്ഷൻസിൽ ഈ ബഹുമതിക്ക് അർഹനാകുന്ന ആദ്യ മലയാളി ആയിരുന്നു ടോണി എന്ന് ഡയറക്ടർ ഡേവ് ഷാപ്പൽ പറഞ്ഞു.

കാനഡയിൽ ദർഹാം കോളേജിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദം നേടിയ ടോണി നവംബർ ആറാം തീയതിയാണ് മരണമടഞ്ഞത്. നവംബർ ആറാം തീയതി രാവിലെ കാനഡയിൽ ലണ്ടനിൽ ഉള്ള തന്റെ അമ്മാവൻറെ വീട്ടിലേക്ക് പോകുന്നതിനുവേണ്ടി ഗാരേജിലുള്ള തന്റെ കാറിൽ കയറിയപ്പോൾ അടഞ്ഞു കിടന്നിരുന്ന ഗാരേജിൽ രൂപം കൊണ്ട കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ടോണി മരണപ്പെട്ടത്. ശ്രീകണ്ഠാപുരം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പാസായ ടോണി ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിപൂർത്തിയാക്കിയതിന് ശേഷം ആണ് കാനഡയ്ക്ക് പോയത്. അവിടെ സോഷ്യൽ സർവീസ് വർക്കർ ആയി ബിരുദം സ്വീകരിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ഈ ദാരുണ സംഭവം ഉണ്ടായത്.

20 -ആം തീയതി തിങ്കളാഴ്ച രാവിലെ 12 മണിയോട് കൂടി മൃതദേഹം ചെളിമ്പറമ്പിലെ സ്വന്തം വസതിയിൽ എത്തിച്ചേരും. 3 .30 – നു ചെമ്പേരി ഫൊറോനാ വികാരി റെവ. ഫാദർ ജോർജ് കാഞ്ഞിരക്കാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ മൃത സംസ്കാര ശുശ്രൂഷ ഭവനത്തിൽ ആരംഭിക്കും . തുടർന്ന് ചെമ്പേരി പള്ളി കുടുംബ കല്ലറയിൽ സംസ്കരിക്കും.

മാതാവ് ജിൻസി ജോസ് പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറിസ്കൂൾ അധ്യാപികയും പിതാവ് ഷാജി എം എ ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളേജ് കായിക വിഭാഗം മേധാവിയുമാണ്.സഹോദരൻ റോണി മുണ്ടയ്ക്കൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഒന്നാംവർഷ വിദ്യാർഥിയും സഹോദരി റിയാ റോസ് മുണ്ടയ്ക്കൽ മേരിഗിരി സീനിയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയും ആണ് .