ഒരു കലാകാരനോടും അത്തരത്തിൽ പെരുമാറരുത്, വേദിയിൽ വച്ച് ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ ടൊവിനോ തോമസ്

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലുണ്ടായ സംഭവത്തിൽ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് പിന്തുണയറിയിച്ച് ചലചിത്ര താരം ടൊവിനോ തോമസ്. ഇൻസ്റ്റഗ്രാം സന്ദേശത്തിലൂടെയാണ് ടൊവിനോ ജാസിക്ക് പിന്തുണ അറിയിച്ചത്.

‘ഞാൻ നിങ്ങളുടെ വലിയൊരു ആരാധകനാണ്. എന്റെ കൗമാരകാലത്തെ ത്രില്ലടിപ്പിച്ച പാട്ടുകളാണ് നിങ്ങളുടേത്. കോളേജ് പരിപാടിയിൽ നിങ്ങളോട് പെരുമാറിയ രീതിയിൽ നിരാശയുണ്ട്. ഒരു കലാകാരനോടും ആ രീതിയിൽ പെരുമാറരുത്. നിങ്ങൾക്ക് എന്റെ ഐക്യദാർഢ്യം അറിയിക്കുന്നു. എല്ലാവിധ പിന്തുണയുമുണ്ടാവുമെന്നുമാണ്’ ടൊവിനോ സന്ദേശത്തിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസം എറണാംകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ ജാസി ഗിഫറ്റും സംഘവും പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ പ്രിൻസിപ്പൽ മൈക്ക് പിടിച്ച് വാങ്ങിയത് വിവാദമായിരുന്നു. ജാസിക്കൊപ്പമുള്ളയാളെ പാടാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രിൻസിപ്പലിന്റെ നടപടി. ഇതിനു പിന്നാലെ പാട്ട് പൂർത്തിയാക്കാതെ ജാസി ഗിഫ്റ്റ് വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

വിദ്യാർത്ഥികൾ ക്ഷണിച്ചത് പ്രകാരമാണ് കോളേജ് ഡേ പരിപാടിയിൽ ജാസി ഗിഫ്റ്റ് മുഖ്യാതിഥിയായി എത്തിയത്. വിദ്യാർത്ഥികളുടെ അഭ്യർത്ഥന പ്രകാരമാണ് പാടിയത്. പാടുന്നതിനിടയിൽ വേദിയിലേക്ക് ഓടിയെത്തിയ പ്രിൻസിപ്പൽ ജാസി ഗിഫ്റ്റ് മാത്രം പാടിയാൽ മതിയെന്നും കൂടെയുള്ള ആളെ പാടാൻ അനുവദിക്കില്ലെന്നും പറഞ്ഞ് മൈക്ക് പിടിച്ച് വാങ്ങുകയായിരുന്നു.