തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു, അവശ്യവസ്തുക്കള്‍ വാങ്ങുവാന്‍ പോലും പുറത്തിറങ്ങാന്‍ അനുമതിയില്ല

കോവിഡ് സമൂഹ്യ വ്യാപനം തടയാനായി തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നിരിക്കുന്നത്. നഗരാതിര്‍ത്തികളില്‍ ശക്തമായ പോലീസ് പരിശോധനയാണ്. അത്യാവശ്യത്തിനല്ലാതെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ ആരെയും അനുവദിക്കുന്നില്ല. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പലചരക്കുകടകള്‍ എന്നിവ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. അവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ പോലും പുറത്തിറങ്ങാന്‍ ആര്‍ക്കും സാധിക്കില്ല. കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചാല്‍ വോളന്റിയേഴ്‌സോ പോലീസോ സാധനങ്ങള്‍ വീട്ടില്‍ എത്തിക്കും. ഉറവിടം അറിയാത്ത സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതോടെയാണ് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നത്.

സമ്പര്‍ക്ക രോഗികളുടെ എണ്ണം സമൂഹ്യ വ്യാപനത്തിന് കാരണമാകും എന്ന് കണ്ടതോടെയാണ് കര്‍ശന നടപടികളിലേക്ക് തലസ്ഥാന നഗരവും നീങ്ങിയത്. വളരെ അത്യാവശ്യങ്ങള്‍ക്ക് നഗരപരിധിക്ക് പുറത്തേക്ക് പോകുന്നതിനും വരുന്നതിനും ഒരു പ്രവേശനകവാടം മാത്രമേ ഉണ്ടാവൂ. അവശ്യസര്‍വീസ് ഒഴികെ ഒരാള്‍ക്കും പുറത്തിറങ്ങാന്‍ അവകാശമില്ല. വാഹനഗതാഗതം അനുവദിക്കില്ല. എല്ലാം കടകളും തുറക്കാന്‍ അനുമതി ഇല്ല . ഒരു പ്രദേശത്തെ പാല്‍ പലചരക്ക് പച്ചക്കറി തുടങ്ങി അവശ്യ സര്‍വീസിനുള്ള ഒരു കട മാത്രം . പൊലീസിന്റെ 112 എന്ന് ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാം. സാധനങ്ങള്‍ വീട്ടിലെത്തിക്കും. നഗരത്തിലേക്കുള്ള ചെറുതും വലുതുമായ എല്ലാ വഴികളും അടച്ചിടും. മരുന്ന് കടകളില്‍ പോകാന്‍ സത്യ വാങ്മൂലം കരുതണം.

പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും, പുറത്തിറങ്ങുന്നവരില്‍ നിന്നും ഫൈന്‍ ഈടാക്കുകയും ചെയ്യും . ബാങ്ക്, എ.ടി.എം, പ്രവര്‍ത്തിക്കും. പെട്രോള്‍ പമ്പുകളും പാചക വാതക വിതരണ ശാലകളും പ്രവര്‍ത്തിക്കും. കോടതികള്‍ പ്രവര്‍ത്തിക്കില്ല. മൊബൈല്‍ സേവന ദാതാക്കള്‍ക്ക് അവശ്യജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ ഒരു സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറക്കില്ല. ആഭ്യന്തരം –ആരോഗ്യ വകുപ്പുകള്‍ ,ചീഫ് സെക്രട്ടറിയുടെ ഓഫീസ് എന്നിവയാണ് സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുക.