ഇന്ത്യക്കാരുടെ രക്ഷാദൗത്യം ഊർജിതം; രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റുമാനിയയിലേക്ക്

ന്യൂ ഡെൽഹി: യുക്രെയ്നില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ ഊര്‍ജിതമാക്കുന്നു. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റുമാനിയയിലേക്ക് പുറപ്പെടും. ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റുമാനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. അതിര്‍ത്തികളിലെ റോഡു മാർഗം യുക്രെയ്ന്‍ വിടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുളള റ‍ജിസ്ട്രേഷന്‍ ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ തുടങ്ങി.

പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രെയ്ന്‍ അതിര്‍ത്തിയായ ലിവിവില്‍ ക്യാംപ് തുടങ്ങും. പോളണ്ട് വഴി നാട്ടിലേക്ക് തിരിക്കാന്‍ ഓഫിസുമായി ബന്ധപ്പെടണം. ഇതിനായുള്ള നമ്പറും മെയില്‍ ഐഡിയും പ്രസിദ്ധീകരിച്ചു. രക്ഷാദൗത്യവുമായി നാളെ പുലര്‍ച്ചെ എയര്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങള്‍ പുറപ്പെടും.

മലയാളികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികളാണ് യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നത്. റഷ്യന്‍ ടാങ്കുകള്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് നീങ്ങുന്നുവെന്ന് മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു‍. സുരക്ഷ കണക്കിലെടുത്ത് ബങ്കറില്‍ കഴിയുകയാണ് ഇവര്‍. പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രെയ്ന്‍ അതിര്‍ത്തിയിലെ ലിവിവില്‍ ക്യാംപ് തുടങ്ങും. ഫോണ്‍ +48660460814, +48606700105, മെയില്‍ [email protected].ഇൻ

അതേസമയം, മലയാളികളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ നോര്‍ക്ക വെബ് പോര്‍ട്ടല്‍ തുടങ്ങുമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കോള്‍ സെന്റര്‍ പരിമിതി മറികടക്കാനാണ് പോര്‍ട്ടല്‍. മലയാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നുവെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.