ശ്രീവിദ്യയ്ക്ക് അവസാന നിമിഷം മരുന്ന് പോലും അനുവദിച്ചില്ല, ഗണേഷിന് സ്വത്തിനോട് ആര്‍ത്തി, സഹോദരി ഉഷ പറയുന്നു

സഹോദരനു നടനും കേരള കോണ്‍ഗ്രസ് ബി നേതാവുമായ കെ ബി ഗണേഷ് കുമാറിനെതിരെ സഹോദരി ഉഷ മോഹന്‍ദാസ് രംഗത്ത്. 2011ല്‍ കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി എന്റെ പേരായിരുന്നു പറഞ്ഞത്. എന്നാല്‍ എതിര്‍ത്തത് ഗണേഷ് കുമാറാണ്. കൊട്ടാരക്കരക്കാര്‍ക്കും പാര്‍ട്ടിക്കുമൊക്കെ എന്റെ പേര് സ്വീകാര്യമായതോടെ ചെയര്‍മാന്‍ കൂടിയായ അച്ഛന്‍ തീരുമാനം മുന്നണിയെ അറിയിച്ചു. എന്നാല്‍ ഗണേഷ് കുമാറിന് അത് ഒട്ടും സ്വീകര്യമായില്ല. അതുകൊണ്ടാണ് അത് വേണ്ടന്ന് വെച്ചത്. ആ സമയത്ത് അച്ഛന് ഒരു മാനസിക സംഘര്‍ഷം കൊടുക്കേണ്ടെന്ന് ഞാനും കരുതി. അങ്ങനെയാണ് മുരളിയെ സ്ഥാനാത്ഥിയാക്കിയതെന്നും ഉഷമോഹന്‍ദാസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കൊട്ടാരക്കരിയില്‍ മത്സരിച്ചിരുന്നെങ്കില്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നു. പിന്നീടും സജീവമായി രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആലോചിച്ചിരുന്നില്ല. എന്നാല്‍ അച്ഛന്റെ മരണ ശേഷം പാര്‍ട്ടി ഏതാണ്ട് ഇല്ലാതായ അവസ്ഥയിലേക്ക് എത്തി തുടങ്ങി. അച്ഛന്റെ മരണത്തിന് ശേഷം ഒരു യോഗവും ചേര്‍ന്നിട്ടില്ല. സഞ്ജയനത്തിന്റെ അന്ന് അവിടെ നിന്ന് സ്വയം ചെയര്‍മാനാണെന്ന് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയല്ല ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്. ജില്ലാ നേതാക്കള്‍കൂടി അടങ്ങിയ സംസ്ഥാന സമിതിയാണ് ചെയര്‍പേഴ്‌സണെ തീരുമാനിക്കുന്നത്. സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമില്ലാതിരുന്ന എന്നെ പാര്‍ട്ടിയിലെ പല മുതിര്‍ന്ന ആളുകളും നിര്‍ബന്ധിക്കുകയായിരുന്നു. ആരേയും വ്യക്തിപരമായി എതിര്‍ക്കണമെന്നോ ദ്രോഹിക്കണമോയെന്ന ആലോചന എനിക്കില്ല.

അച്ഛന്റെ കൂടെ നിന്ന പലരും മറ്റ് പല പാര്‍ട്ടികളിലേക്കും പോയി. മറ്റ് ചിലര്‍ ഞങ്ങള്‍ എന്ത് ചെയ്യണമെന്ന് ചോദിച്ച് നില്‍ക്കുകയാണ്. ആ ചോദ്യത്തിന് മുന്നിലാണ് എനിക്ക് വഴങ്ങേണ്ടി വന്നത്. പാര്‍ട്ടിയിലെ ഭൂരിപക്ഷം ജില്ലാ അധ്യക്ഷന്‍മാരും നമ്മോടൊപ്പമുണ്ട്. എല്ലാവരും ഒന്നായി തന്നെ പോകണമെന്നാണ് ആഗ്രഹണം. കുടുംബ പാര്‍ട്ടിയല്ല എന്നുണ്ടെങ്കില്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ശേഷം എന്തുകൊണ്ട് പുറത്ത് നിന്ന് ഒരാള്‍ ചെയര്‍മാനായി വന്നില്ല. എംപി മാണി പോലുള്ള പലരും ഉണ്ടല്ലോ. അങ്ങനെ ആരെങ്കിലും വന്നെങ്കില്‍ കുടുംബ പാര്‍ട്ടിയല്ല. ഇതിപ്പോള്‍ അദ്ദേഹത്തിന് ശേഷം മകനായി. അപ്പോള്‍ ഒരു കുടുംബ പാര്‍ട്ടിയല്ലേ.-ഉഷ ചോദിക്കുന്നു.

പാര്‍ട്ടി ഇല്ലാതാവാതെ ഇരിക്കാന്‍ എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്നാണ് ഞാന്‍ നോക്കുന്നത്. പത്ത് നാല്‍പ്പത് വര്‍ഷമായി പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നവരാണ് പുതിയ നീക്കത്തിന് മുന്നില്. പാര്‍ട്ടിയില്‍ ഏകാധിപത്യ സ്വഭാവമാണ് ഗണേഷ് കുമാര്‍ കാണിക്കുന്നത്. ആരുമായും കാര്യങ്ങള്‍ അങ്ങനെ ചര്‍ച്ച ചെയ്യുന്നില്ല. ഗണേഷ് കുമാര്‍ രാഷ്ട്രീയത്തില്‍ വരുന്നതില്‍ അച്ഛന് തുടക്കത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. ആ സമയത്ത് ഗണേഷ് കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. രാഷ്ട്രീയത്തില്‍ മുന്നോട്ട് പോവാന്‍ അവിടെ സാധിച്ചിരുന്നില്ല. പിന്നീട് ഒരു സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കേരള കോണ്‍ഗ്രസ് ബിയിലേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണ് പുള്ളി പാര്‍ട്ടി അംഗത്വം നല്‍കുന്നത്. അച്ഛന്റെ കൂടെ ഒരിക്കലും നിന്നിട്ടില്ല അദ്ദേഹം. ഇടക്കാലത്ത് പാര്‍ട്ടി പിളര്‍ത്തി ഒരു ഗ്രൂപ്പുമായി പോയി. പിന്നീടെ തിരികെ വന്നു. ഒരു കാലത്തും അച്ഛനെ സ്‌നേഹിച്ചോ പിന്തുണച്ചോ അദ്ദേഹം നിന്നിട്ടില്ല. അതുകൊണ്ട് തന്നെ കേരള കോണ്‍ഗ്രസ് ബി എന്നോ ബാലകൃഷ്ണ പിള്ളയെന്നോ പറയാനുള്ള യോഗ്യതയില്ല.- ഉഷ മോഹന്‍ദാസ് പറയുന്നു.

കോടതിയിലിരിക്കുന്ന വിഷയം ആണെങ്കിലും എനിക്ക് പറയാനുള്ള ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ എന്നെ ഒഴിവാക്കിക്കൊണ്ട് അച്ഛന്‍ ഒരിക്കലും അത്തരത്തിലൊരു വില്‍പ്പത്രം എഴുതില്ല. അത് 100 ശതമാനം സത്യമാണ്. നാട്ടുകാരും വീട്ടുകാരുമൊക്കെ അത് വിശ്വസിക്കുന്നു. അച്ഛന് ഏറ്റവും കൂടുതല്‍ ഇഷ്ടം തന്നെയാണെന്ന് ഗണേഷ് കുമാര്‍ തന്നെ എഴുതിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു അച്ഛന്‍ എന്നെ മാത്രം ഒഴിവാക്കി ഒരു വില്‍പത്രം എഴുതുമെന്ന് കരുതുന്നില്ല. ആദ്യത്തെ വില്‍പത്രം അവസാന നിമിഷമാണ് റദ്ദാക്കപ്പെട്ടത്. പിന്നീടാണ് അച്ഛന്റെ മരണ ശേഷം ഇത്തരമൊരു വില്‍പത്രം കാണുന്നത്. അവസാന കാലത്ത് അദ്ദേഹം അവശനായി നില്‍ക്കുമ്പോഴാണ് ഇതെല്ലാം സംഭവിച്ചത്. അച്ഛന്‍ പറഞ്ഞ കാര്യങ്ങലും ഇപ്പോഴത്തെ വില്‍പത്രവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ടാണ് കോടതിയില്‍ പോകാന്‍ തീരുമാനിച്ചത്. ഇതൊക്കെ കാണുമ്‌ബോള്‍ ഗണേഷ് കുമാറിന് സ്വത്തിന് ആര്‍ത്തിയെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ടും ഗണേഷിനെതിരായ ആരോപണങ്ങള്‍ കേട്ടിട്ടുണ്ട്. അത് സത്യമാണെങ്കില്‍ ആ നടിക്ക് അവസാന നിമിഷം മരുന്ന് പോലും അനുവദിച്ചില്ലെന്നാണ് ഒരു പുസ്തകത്തില് നിന്നും വായിക്കാന്‍ സാധിച്ചത്. അതിനെ സംബന്ധിച്ച് ഒരു കേസ് ലോകായുക്തയില്‍ ഇപ്പോഴുമുണ്ടെന്നും ഉഷ മോഹന്‍ദാസ് പറയുന്നു