സിൽവർലൈൻ പദ്ധതി; പ്രതിഷേധം തണുപ്പിക്കാനായി സമവായ ചർച്ചകൾ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതിയിൽ വാശിയുപേക്ഷിച്ചു സർക്കാർ. പദ്ധതിക്കെതിരായ പ്രതിഷേധം തണുപ്പിക്കാനായി സമവായ ചർച്ചകൾ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയപ്പാർട്ടികളുമായും ജനപ്രതിനിധികളുമായും മാധ്യമസ്ഥാപനങ്ങളുടെ മേധാവികളുമായും മുഖ്യമന്ത്രി ചർച്ച നടത്തി. പ്രതിപക്ഷത്തിൻറെ ചോദ്യങ്ങൾ മുഖ്യമന്ത്രി ഉത്തരം തരുന്നില്ലെന്നും ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം യുഡിഎഫ് ആലോചിച്ച് തീരുമാനിക്കുമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ അറിയിച്ചു. പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തകയും സംശയനിവാരണവുമാണ് ലക്ഷ്യമെങ്കിലും സഹകരിക്കുന്ന കാര്യത്തിൽ പ്രതിപക്ഷം തീരുമാനമെടുത്തിട്ടില്ല

നിയമസഭയിൽ പുറത്തും ചർച്ച കൂടാതെ സിൽവർലൈനിൽ സർക്കാർ വാശിപിടിക്കുന്നുവെന്നായിരുന്നു എതിർപ്പ് ഉയർത്തുന്നവരുടെ പ്രധാന പരാതി. പ്രതിപക്ഷവും സമരസമിതിയും പ്രതിഷേധം കടുപ്പിക്കുകയും ഇടതുപക്ഷത്ത് നിന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം എതിർപ്പ് ആവർത്തിക്കുകയും സിപിഎമ്മിലും എൽഡിഎഫിലും ഭിന്നാഭിപ്രായം ഉയരുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി ചർച്ചക്ക് മുൻകൈയ്യെടുത്തത്.

വിവിധ ജില്ലകളിലെ പ്രമുഖരുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. അതിന് പുറമെയാണ് എംപിമാർ എംഎൽഎമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മാധ്യമ സ്ഥാപനങ്ങളുടെ മേധാവികൾ, സാങ്കേതിക വിദഗ്ധർ എന്നിവരേയുമാണ് മുഖ്യമന്ത്രി ചർച്ചക്ക് വിളിക്കുന്നത്. സർക്കാർ ചർച്ചക്ക് ശ്രമിക്കുമ്പോൾ സമാന്തരമായി ഇടത് നേതാക്കൾ ചർച്ചകളും സെമിനാറുകളും സംഘടപ്പിച്ച് സിൽവർലൈനിനായി പ്രചാരണം ശക്തമാക്കുന്നു. പ്രതിഷേധക്കാരുടെ ലക്ഷ്യം വികസനം തടയലാണ് എന്നാണ് സിപിഎം നേതാക്കൾ ആവർത്തിക്കുന്നത്.