കേന്ദ്രത്തിന്റെ വാക്സിന്‍ നയം, വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക് ഡൗണ്‍ എന്നീ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം, വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം എന്നിവ സംബന്ധിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും പണിഗണിക്കും. വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കുന്നതിന് സര്‍വകക്ഷി യോഗം വിളിച്ചതായി കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ളാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്നാണ് ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ പോകേണ്ടതില്ലന്നും യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മേയ് ഒന്നാം തീയതി അര്‍ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ധരാത്രി വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. കൊല്ലം ആസ്ഥാനമായ ലോ എയിഡ് എന്ന സംഘടനയടക്കമുള്ളവരാണ് ഹര്‍ജിക്കാര്‍.

വോട്ടെണ്ണല്‍ ദിനം വിവിധ പാര്‍ട്ടികളുടെ അണികള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സംസ്ഥാനത്തെ തെരുവുകളിലും കുട്ടംകൂടുമെന്നും ഇത് രോഗവ്യാപനം രുക്ഷമാക്കുമെന്നും പൊലീസിന് നടപടിയെടുക്കാനാവാത്ത സാഹചര്യമുണ്ടാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യമുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ഇന്നു പരിഗണിക്കും. ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.സി.പി.പ്രമോദാണ് കോടതിയെ സമീപിച്ചത്. 45 വയസില്‍ താഴെയുള്ളവരുടെ വാക്സിനേഷന്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കാതെ സംസ്ഥാനത്തിന്റെ ചെലവില്‍ നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി.

രാജ്യത്ത് കോവിഡിന്റെ ആദ്യ വരവില്‍ തന്നെ രോഗനിയന്ത്രണം അടക്കമുള്ള നടപടികള്‍ ദുരന്തനിവാരണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തതിനാല്‍ വാക്സിന്‍ വിതരണം പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കേന്ദ്രത്തിനും സംസ്ഥാനത്തിനും വാക്സിന് വ്യത്യസ്ത വില ഈടാക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ഹര്‍ജി ചോദ്യം ചെയ്യുന്നു. വാക്സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരെയും കേസില്‍ എതിര്‍ കക്ഷികളാക്കിയിട്ടുണ്ട്. രാജ്യത്ത് 90 ശതമാനത്തിലധികം ആളുകള്‍ക്ക് ഇതുവരെ വാക്സിന്‍ ലഭിച്ചിട്ടില്ല. ദൈനംദിന മരണ നിരക്ക് 2500 കഴിഞ്ഞതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.