കരയാന്‍ പറയുമ്പോള്‍ കരയും, ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കും, മീനാക്ഷി പറയുന്നു

ബാലതാരമായി മലയാള സിനിമയില്‍ എത്തി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മീനാക്ഷി. ടിവി റിയാലിറ്റി ഷോയില്‍ അവതാരകയായും തിളങ്ങുകയാണ് താരം. അടുത്തിടെ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ സിനിമ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. ‘ഒപ്പം’ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച എക്‌സിപീരിയന്‍സിനെക്കുറിച്ചും മീനാക്ഷി തുറന്ന് പറഞ്ഞു.

മീനാക്ഷിയുടെ വാക്കുകള്‍, ‘വണ്‍ ബൈ ടു എന്ന സിനിമയിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. പിന്നീട് ‘ആന മയില്‍ ഒട്ടകം’, ‘ഒരു നോട്ട് പറഞ്ഞ കഥ’, എന്നീ സിനിമകളിലൊക്കെ അഭിനയിച്ചെങ്കിലും ‘അമര്‍ അക്ബര്‍ ആന്റണി’യിലൂടെയാണ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. എന്തായാലും പ്രായം കൂടുന്നതിനനുസരിച്ച് അഭിനയത്തിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. അഭിനയം എന്താണെന്ന് അറിയാത്ത പ്രായത്തിലായിരുന്നു ഞാന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത്. അതൊന്നും ഇപ്പോള്‍ എനിക്ക് ഓര്‍മ്മ കൂടിയില്ല.

കരയാന്‍ പറയുമ്പോള്‍ കരയും, ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കും, ഓരോ സിനിമ കഴിയുമ്പോഴും ഭാഗ്യം കൊണ്ട് വീണ്ടും വീണ്ടും കിട്ടിക്കൊണ്ടിരുന്നു. ക്യാമറയും കുറേ ആള്‍ക്കാരുമാണ് എന്റെ ലോകം. ഞാന്‍ വളര്‍ന്നത് ഇതിനിടയില്‍ കിടന്നാണല്ലോ, അതുകൊണ്ടാകാം അഭിനയത്തോടെ ഇത്രയും ഇഷ്ടം തോന്നുന്നത്. അഭിനയത്തില്‍ മറക്കാനാവാത്ത നിമിഷം ലാലങ്കിളിനൊപ്പം അഭിനയിച്ചതാണ്. ഇപ്പോഴും അന്നത്തെ ലൊക്കേഷന്‍ തമാശകളൊക്കെ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ഏതാണ്ട് രണ്ട് മൂന്ന് മാസത്തോളം ആയിരുന്നു അതിന്റെ ഷൂട്ട്.

ടേക്ക് ആക്ഷന്‍ ഒന്നും ടെന്‍ഷനാക്കാതെ അദ്ദേഹം നോക്കുമായിരുന്നു. അത്രയും കമ്ബനിയായിരുന്നു. അന്ന് ലാലങ്കിള്‍ എന്നോടൊപ്പം കളിക്കാനും കൂടുമായിരുന്നു. ലാലങ്കിള്‍പ്രിയന്‍ അങ്കിള്‍ കോമ്ബിനേഷനില്‍ അഭിനയിക്കാന്‍ പറ്റി എന്നതാണ് വലിയ സന്തോഷം. ലാല്‍ അങ്കിള്‍ ഓരോ സീനും എങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞു തരുമായിരുന്നു.നല്ല ജോളിയായിരുന്നു. ഇടയ്‌ക്കൊക്കെ അത് മിസ് ചെയ്യാറുണ്ട്’.