ആരെങ്കിലും കടക്കെണിയില്‍ ആത്മഹത്യ ചെയ്താല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന്: വി.ഡി. സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആരെങ്കിലും കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്താല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വായ്പാ റിക്കവറി നിര്‍ത്തിവയ്ക്കാന്‍ ബാങ്കുകളുടെ യോഗം വിളിക്കാന്‍ തയാറാകണമെന്നും കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ജനങ്ങള്‍ ഇതുപോലെ കടക്കെണിയില്‍പ്പെട്ടു പോയ കാലമുണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പിനും മുന്‍പും ശേഷവും കോവിഡ് വിഷയത്തില്‍ രണ്ട് സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിദഗ്ദരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച്‌ അനാവശ്യമായ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് എല്ലാ മേഖലകളും തകര്‍ന്നു തരിപ്പണമായിരിക്കുകയാണെന്നും തെരഞ്ഞെടുപ്പിനു ശേഷം കോവിഡ് ശക്തമായിട്ടും ബാങ്കുകളുടെ യോഗം വിളിക്കാനോ മൊറട്ടോറിയം പ്രഖ്യാപിക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ നാലും അഞ്ചും മാസം പണം അടയ്ക്കാത്തതിന് വീടുകള്‍ക്കു മുന്നില്‍ റിക്കവറി നോട്ടീസ് പതിപ്പിച്ചിരിക്കുകയാണെന്നും വട്ടിപ്പലിശക്കാര്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ പാവപ്പെട്ടവരുടെ കാര്യം ആന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.