ഹര്‍ത്താല്‍ ദിനത്തിലായിരുന്നു വിവാഹം, ചിലബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു, വിധുപ്രതാപ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്. വിധുവും ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ഇപ്പോള്‍ വിവാഹ ദിനത്തിലെ ഓര്‍മകളും വിശേഷങ്ങളും പങ്കുവെച്ച് ഇരുവരും രംഗത്ത് എത്തിയിരിക്കുകയാണ്. 2008 ഓഗസ്റ്റ് 20ന് ആയിരുന്നു വിധുവിന്റെയും ദീപ്തിയുടെയും വിവാഹം. വിവാഹത്തിന് ഹാരം എടുത്ത് നല്‍കിയത് യേശുദാസ് ആണെന്നും അതിനെ മഹാഭാഗ്യമായി കരുതുന്നുവെന്നും വിധുവും ദീപ്തിയും പറയുന്നു. ഒരു ടിവി ചാനല്‍ പരിപാടിയിലാണ് ഇരുവരും തങ്ങളും വിവാഹത്തെ കുറിച്ച് മനസ് തുറന്നത്.

വിവാഹത്തെ കുറിച്ച് വിധുവിന്റെ വാക്കുകള്‍;

ഒരു ദേശീയ ഹര്‍ത്താല്‍ ദിനത്തിലായിരുന്നു ഞങ്ങളുടെ വിവാഹം. അതുകൊണ്ടു തന്നെ അതൊരിക്കലും മറക്കാന്‍ സാധിക്കില്ല.ഒരുപാട് പേരെ ക്ഷണിച്ചിരുന്നു. ഹര്‍ത്താല്‍ ആയതിനാല്‍ വിവാഹം മാറ്റി വയ്ക്കുന്നതിനെക്കുറിച്ചു പലരും എന്നാല്‍ ഞങ്ങള്‍ അതിനെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലായിരുന്നു. ഞങ്ങളുടെ അടുത്ത ബന്ധുക്കളെല്ലാം കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരുമായാണ് അവര്‍ക്കൊക്കെ വിവിഹത്തിനു വരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.

വിവാഹം മാറ്റി വച്ചതായി കേട്ടല്ലോ എന്നു പലരും വിളിച്ചു ചോദിച്ചു. അന്നും വ്യാജവാര്‍ത്തകളൊക്കെ ഉണ്ടല്ലോ. .ഹര്‍ത്താല്‍ ആയിരുന്നെങ്കിലും ഞങ്ങളുടെ വിവാഹത്തിനു പക്ഷേ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ വന്നു. ചിത്ര ചേച്ചിയും ദാസ് സാറും ഉള്‍പ്പെടെ എല്ലാവരും എത്തിയിരുന്നു. പിന്നെ ഉമ്മന്‍ ചാണ്ടി സര്‍, കോടിയേരി ബാലകൃഷ്ണന്‍ സര്‍, എം.എ.ബേബി സര്‍, രമേശ് ചെന്നിത്തല സര്‍ തുടങ്ങിയവരെല്ലാം വന്നു. അതിലൊക്കെ ഒരുപാട് സന്തോഷം. പിന്നെ ഏറ്റവും വലിയ ഭാഗ്യമായി തോന്നുന്ന മറ്റൊരു കാര്യമുണ്ട്.

വിവാഹത്തിനു ഹാരം എടുത്തു നല്‍കിയത് യേശുദാസ് സര്‍ ആണ്. അതു ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അദ്ദേഹം വിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്നതു തന്നെ വലിയ ഭാഗ്യമായിട്ടാണു കാണുന്നത്. ഹാരം എടുത്തു നല്‍കുക കൂടി ചെയ്തപ്പോള്‍ വലിയ അനുഗ്രഹവും ഭാഗ്യവുമായി തോന്നി. അത് എത്രത്തോളം സന്തോഷം നല്‍കിയെന്നുപറഞ്ഞറിയിക്കാന്‍ വയ്യ. ദേശീയ ഹര്‍ത്താലില്‍ വിവാഹം നടത്തിയതുകൊണ്ടു തന്നെ ചില ബുദ്ധിമുട്ടുകളൊക്കെ നേരിടേണ്ടി വന്നു. അന്ന് ട്രെയിനുകള്‍ പോലും ഓടുന്നില്ലായിരുന്നു. ഒരുപാട് ബന്ധുക്കള്‍ക്കും സ്‌നേഹിതര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചില്ല. ദീപ്തിയുടെ മേക്ക് അപ്പിനു വേണ്ടി ഏര്‍പ്പാടാക്കിയ ബ്യൂട്ടീഷനു വരാന്‍ സാധിച്ചില്ല. പിന്നെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ദീപ്തി തന്നെയാണ് മേക്ക് അപ്പ് ചെയ്തത്. അങ്ങനെ കുറച്ചു പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. എങ്കിലും അതിന്റെ പോസിറ്റീവ് വശങ്ങളെക്കുറിച്ചു ചിന്തിക്കുമ്‌ബോള്‍ സന്തോഷം തോന്നുന്നു.