എങ്ങനെ ഒണ്ട് എന്റെ ഗ മ ഗം, രസകരമായ വീഡിയോയുമായി വിധു പ്രതാപ്

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്.സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗായകനാണ് അദ്ദേഹം.സോഷ്യൽ മീഡിയകളിലും താരം സജീവമാണ്.വിധുവും ഭാര്യയും നർത്തകിയുമായ ദീപ്തിയും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് തെളിയിക്കുന്ന തരത്തിലുള്ള വീഡിയോകളും വിധു പങ്ക് വച്ചിട്ടുണ്ട്. ടിക് ടോക് ബാൻ ചെയ്യുന്നത് വരെ അവിടെയും താരം സജീവം ആയിരുന്നു. 2008 ഓഗസ്റ്റ് 20ന് ആയിരുന്നു വിധുവിന്റെയും ദീപ്തിയുടെയും വിവാഹം.

വിധു ഇൻസ്റ്റഗ്രാം റീൽസിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രസകരമായ ഒരു കാപ്ഷനും ഈ വിഡിയോയ്ക്ക് നൽകിയിട്ടുണ്ട്. പുലിവാൽ കല്യാണം എന്ന സിനിമയിലെ സലീംകുമാറിന്റെ ഒരു കോമഡി രംഗത്തിന്റെ ഓഡിയോക്കൊപ്പമാണ് വീഡിയോയിൽ വിധുവിന്റെ പ്രകടനം. ഒപ്പം “എങ്ങനെ ഒണ്ട് എന്റെ ഗ മ ഗം,” എന്ന കാപ്ഷനാണ് വിധു നൽകിയത്.

പാദമുദ്ര എന്ന സിനിമയിലൂടെയാണ് വിധു പ്രതാപ് പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത് എങ്കിലും ദേവദാസി (1999) എന്ന ചിത്രത്തിലെ “പൊൻ വസന്തം” എന്നു തുടങ്ങുന്ന ഗാനത്തിനു ശേഷമാണ് വിധു പ്രതാപ് അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് 1999ൽ‍ തന്നെ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ “ശുക്‌രിയ” എന്ന ഗാനം അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി.