കാട്ടുപന്നിയെ വേട്ടയാടി, നായാട്ട് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

കണ്ണൂർ: കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ വേട്ടയാടി പിടിക്കുകയും വിലയ്‌ക്ക് ഇറച്ചി വിൽപന നടത്തുകയും ചെയ്തയാൾ അറസ്റ്റിൽ.
ശ്രീകണ്ഠപുരം വനമേഖല കേന്ദ്രീകരിച്ച് നായാട്ട് പയ്യാവൂർ സ്വദേശി സൈമൺ ജോസഫ് എന്ന ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വേട്ടയാടിയ കാട്ടുപന്നിയുടെ ഇറച്ചി വിൽപ്പന നടത്താൻ പോകുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചു, പിന്നാലെ പ്രതിയുടെ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിൽ നിന്നും ഒരു നാടൻ തോക്കും അഞ്ച് തിരകളും മൂന്ന് കിലോ കാട്ടുപന്നിയിറച്ചിയും പിടിച്ചെടുത്തു.

പലതവണ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫോണിൽ ആളുകളെ ബന്ധപ്പെട്ട് വിൽപ്പന നടത്തുന്നതായിരുന്നു പതിവെന്ന് പോലീസ് പറയുന്നു. കേസ് വനം വകുപ്പിന് കൈമാറാനാണ് തീരുമാനമെന്ന് പോലീസ് അറിയിച്ചു.