1.70 കോടി ബെഹ്‌റ കൊടുക്കുമോ? ജനത്തിന്റെ പിച്ച ചട്ടിയിൽ നിന്നാകുമോ?

 

തിരുവനന്തപുരം/ പൊലീസ് മേധാവിയായിരിക്കെ ലോക്‌നാഥ് ബെഹ്റ ടെക്നോപാർക്കിൽ ഭാര്യ ജോലി നോക്കിയ കമ്പനിക്കായി 18 വനിതാ പൊലീസിനെ അധികം നിയോഗിച്ച് 1.70 കോടി രൂപയുടെ ബാദ്ധ്യത വരുത്തിയതിൽ അക്കൗണ്ടന്റ് ജനറൽ സർക്കാരിനോട് വിശദീകരണം തേടിയതോടെ സംഭവം സർക്കാരിന് തലവേദനയാവുകയാണ്.

ആവശ്യപ്പെടാത്ത കാര്യത്തിന് പണം നൽകില്ലെന്ന് ടെക്നോപാർക്ക് അധികൃതർ ഡി.ജി.പി അനിൽകാന്തിനെ അറിയിച്ചിരുന്നത്. കമ്പനി വാക്കാൽ ആവശ്യപ്പെട്ട തിനെത്തുടർന്നാണ് അധിക സുരക്ഷ നൽകിയതെന്നാണ് ബെഹ്റയുടെ വാദം സ്വയം രക്ഷപെടാനുള്ള തന്ത്രം മാത്രമാണെന്നും വ്യക്തമാവുകയാണ്. ബെഹ്റ വരുത്തിയ അനാവശ്യ ചെലവ് ഖജനാവിൽ നിന്ന് നൽകേണ്ട സ്ഥിതിയിലായിരിക്കെയാണ് അക്കൗണ്ടന്റ് ജനറൽ സർക്കാരിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടിയത്. എ ജി കൂടി വിഷയത്തിൽ കളത്തിലിറങ്ങിയതയോടെ വിഷയം പ്രതിപക്ഷം ആയുധമാക്കുമെന്നും ഉറപ്പായിരിക്കുകയാണ്.

സ്​റ്റേ​റ്റ് ഇൻഡസ്ട്രിയൽ സെക്യൂരി​റ്റി ഫോഴ്സിനാണ് ടെക്നോപാർക്കിന്റെ സുരക്ഷ. ഇതിനായി പണം നൽകുന്നത് ആകട്ടെ ടെക്നോപാർക്കാണ്. 2017ലെ ധാരണാപത്രം അനുസരിച്ച് 22 പൊലീസുകാരെ നിയോഗിച്ചിരുന്നു. പിന്നീട് സർക്കാരിന്റെ അനുമതി വാങ്ങാതെ 18 വനിതാ പൊലീസിനെക്കൂടി ബെഹ്റ നിയോഗിക്കുകയായിരുന്നു. വാക്കാൽ ആവശ്യപ്പെട്ടതനുസരിച്ചാണ് താനിത് ചെയ്തതെന്ന് ബെഹ്‌റ പറയുമ്പോൾ സർവീസിൽ ഉള്ള കാലത്ത് ബെഹ്റയുടെ ഇടപാടുകളിൽ മുഴുവൻ സംശയത്തിന്റെ കരിനിഴൽ വീഴുകയാണ്.

ആയുധവുമായി കാവൽ നിൽക്കുന്ന ഒരു പൊലീസുകാരന് ദിവസം 1500 രൂപയും ആയുധമില്ലെങ്കിൽ 1400 രൂപയുമാണ് ടെക്‌നോപാർക്ക് നൽകുന്നത്. പൊലീസിനെ അധികമായി നിയോഗിച്ചവരിൽ നിന്ന് പണം ഈടാക്കണമെന്ന് ഇൻഡസ്ട്രിയൽ സെക്യൂരി​റ്റി ഫോഴ്സ് കമൻഡാന്റ് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ബെഹ്‌റ നടത്തിയ നിയമനത്തിൽ എജിയുടെ വിശദീകണം വന്നാൽ വെട്ടിലാകുമെന്നു ഡിജിപി അനിൽ കാന്ത് നേരത്തെ മനസിലാക്കിയിരുന്നു.
അതിനാലാണ് അനിൽ കാന്ത് വിഷയം സർക്കാരിനെ അറിയിക്കുന്നത്. എജിയിൽ നിന്നും രക്ഷപ്പെടാൻ സേനക്കുണ്ടായ നഷ്ടം സർക്കാർ ഏറ്റെടുക്കുകയോ, അല്ലെങ്കിൽ അധികമായി പൊലീസിനെ നിയമിച്ചവരിൽ നിന്നും ഈടാക്കാൻ നിർദ്ദേശക്കുകയോ ആണ് സർക്കാരിന് ഇനി മുൻപിലുള്ള വഴി.

വനിതാ ബറ്റാലയിൻ നിന്നും 18 പേരെ ഡെപ്യൂട്ടേഷനിൽ എസ്ഐഎസ്എഫിൻറെ ഭാഗമായി ടെക്നോപാർക്കിൽ വിന്യസിക്കുമ്പോള്‍ ഇവരുടെ ശമ്പളം ടെക്നോപാർക്കിൽ നിന്നും ഉറപ്പാക്കേണ്ടതായിരുന്നു. അത് ഉണ്ടായില്ലെന്ന് മാത്രമല്ല കരാർ വെക്കണമെന്ന ചട്ടം ബെഹ്‌റ ലംഘിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്. കെട്ടിടം വച്ചതിലും വാഹനം വാങ്ങിയതിലും വെടിയുണ്ടകള്‍ കാണാതായതിലും ഉൾപ്പെടെ ലോക്നാഥ് ബെഹ്റയുടെ കാലത്തെ വീഴ്ചകള്‍ ചൂണ്ടികാട്ടി എജി വിമര്ശിക്കുമ്പോഴൊക്കെ സർക്കാരായിരുന്നു ബെഹ്റയുടെ രക്ഷക്കെത്തിയത്. ടെക്നോപാർക്ക് വിഷയത്തിൽ ബെഹ്‌റയെ രക്ഷിക്കാൻ സർക്കാർ ശ്രമിച്ചാൽ കൈപൊള്ളുമെന്ന സൂചനകളാണ് റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.