‘ഫോണിലൂടെ അടിച്ച’ ആറ് കോടി; കമ്മീഷന്‍ 51 ലക്ഷം, പിന്നാലെ സ്മിജയ്ക്ക് കോടീശ്വരന്റെ വക സമ്മാനവും

കൊച്ചി: ആലുവ സ്വദേശിയായ ചന്ദ്രനെ തേടിയെത്തിയ ആറ് കോടിയുടെ ഭാഗ്യ കഥ മലയാളികള്‍ക്ക് അത്രപെട്ടന്ന് മറക്കാനാവില്ല. കോടികളുടെ പ്രലോഭനത്തിന് മുന്നില്‍ കണ്ണ് മഞ്ഞളിക്കാതെ ഉറച്ചു നിന്ന സ്മിജയുടെ വാക്കാണ് ചന്ദ്രനെ കോടീശ്വരനാക്കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ബമ്ബറടിച്ച ചന്ദ്രന് കഴിഞ്ഞ ദിവസമാണ് പണം ലഭിച്ചത്. ഇതിന് പിന്നാലെ സ്മിജയ്‌ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് ചന്ദ്രന്‍.

ഓണം ബമ്ബര്‍ ലോട്ടറി എടുക്കാനാണെന്ന് സ്മിജയെ വീട്ടില്‍ വിളിച്ചു വരുത്തിയ ശേഷമാണ് ചന്ദ്രന്‍ സമ്മാനം നല്‍കിയത്. ഒരു ലക്ഷം രൂപയാണ് ചന്ദ്രന്‍ സ്മിജയ്‌ക്ക് നല്‍കിയത്. ലോട്ടറി വിറ്റതിന്റെ കമ്മീഷന്‍ തുക 60 ലക്ഷത്തില്‍ നികുതി കിഴിച്ച്‌ സ്മിജയ്‌ക്ക് 51 ലക്ഷം രൂപ കഴിഞ്ഞ മാസം ലഭിച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബമ്ബര്‍ ലോട്ടറി ചന്ദ്രന്‍ ഫോണിലൂടെ കടം പറഞ്ഞ് ഉറപ്പിച്ച എസ്.ഡി 316142 എന്ന നമ്ബറിന് ലഭിച്ചത്. പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്ന് ലോട്ടറിയെടുത്ത് രാജഗിരി ആശുപത്രിക്ക് മുന്‍പിലാണ് സ്മിജ വില്‍പ്പന നടത്തുന്നത്.

സംഭവം നടന്ന ദിവസം വൈകുന്നേരം 12 ബമ്ബര്‍ ടിക്കറ്റുകള്‍ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റ് എടുക്കാന്‍ സ്മിജ ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ നമ്ബറുകള്‍ ചോദിച്ചറിഞ്ഞ ചന്ദ്രന്‍ ടിക്കറ്റ് തിരഞ്ഞെടുക്കുകയും അത് സ്മിജ സൂക്ഷിക്കുകയും ചെയ്തു.

ഒരു മാസം കഴിഞ്ഞ് ടിക്കറ്റ് നിരക്കായ 200 രൂപ തരാമെന്നാണ് ചന്ദ്രന്‍ പറഞ്ഞിരുന്നത്. ചന്ദ്രനാണ് ലോട്ടറി അടിച്ചതെന്നറിഞ്ഞ ഉടന്‍ തന്നെ സ്മിജ ചന്ദ്രനെ വിളിച്ച്‌ അറിയിച്ചിരുന്നു. കീഴ്മാട് ഡോണ്‍ ബോസ്‌കോയില്‍ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുകയാണ് ചന്ദ്രന്‍.

സമ്മാനത്തുകയായി ഏജന്‍സി കമ്മീഷനും നികുതിയും കഴിഞ്ഞ് നാല് കോടി 20 ലക്ഷം രൂപയാണ് ചന്ദ്രന് ലഭിച്ചത്. പണം പോലും നല്‍കാത്ത ലോട്ടറി ടിക്കറ്റ് സമ്മാനം അടിച്ചിട്ടും വാക്ക് മാറാതെ ഉടമയെ ഏല്‍പിച്ച സ്മിജയുടെ സത്യസന്ധത ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.