പുതിയ അതിഥിയെത്തുന്ന സന്തോഷം പങ്കുവെച്ച് ശിഖയും ഫൈസലും

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ ഗായികയാണ് ശിഖ പ്രഭാകർ. സംഗീത സംവിധായകനായ ഫൈസൽ റാസിയുമായി താരം വിവാഹിതയായത് 2019ലാണ്. അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് കടന്നത് . മഹാരാജാസ് കോളേജിൽ വച്ച് തുടങ്ങിയ പ്രണയം, വിവാഹത്തിലേക്ക് കടന്നത് ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ ആയിരുന്നു.

ഇപ്പോളിതാ പുതിയ സന്തോഷവാർത്തയുമായെത്തിയിരിക്കുകയാണ് താരങ്ങൾ. കഴിഞ്ഞ ദിവസം ഫൈസലും ശിഖയും പങ്കുവച്ച വാർത്തയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. യെസ് വി ആർ പ്രെഗ്നന്റ് എന്ന ക്യാപ്ഷനോടെയുള്ള ശിഖയുടെ ചിത്രമാണ് ഫൈസൽ പങ്കുവച്ചിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളിലൂടെ തങ്ങളുടെ ആശംസകൾ അറിയിക്കുന്നത്. താരങ്ങളായ സിത്താര കൃഷ്ണകുമാർ, സയനോര, മജിസിയ ഭാനു തുടങ്ങിയവർ ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയിട്ടുണ്ട്.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കാളിദാസ് ചിത്രം പൂമരത്തിലെ ഹിറ്റ് ഗാനം ഞാനും ഞാനുമെൻറാളും എന്ന ഗാനത്തിന് സംഗീതം നൽകി ആലപിച്ചത് ഫൈസൽ റാസിയാണ്. പൂമരത്തിലെ ആ സൂപ്പർഹിറ്റ് ഗാനത്തിലൂടെ ഫൈസൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.